തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്ന കാലത്ത് മഹാഗുരുവെന്ന പരമ്പര കേരളകൗമുദിയുടെ ചരിത്രപരമായ ദൗത്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയുടെ രണ്ടാംദിന പര്യടനം ചെമ്പഴന്തി ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർണായകമായ സമയങ്ങളിൽ ചരിത്രപരമായ തീരുമാനങ്ങളെടുത്ത പത്രമാണ് കേരളകൗമുദി. അത്തരമൊരു തീരുമാനമാണ് മഹാഗുരുവും. പുതുതലമുറയ്ക്ക് ഗുരുവിനെ അറിയാൻ പരമ്പര സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളെയും അനാചാരങ്ങളെയും കുറിച്ച് അഭിപ്രായഭിന്നതകൾ ശക്തമാകുന്ന ഈ കാലത്ത് ഗുരുദേവ ദർശനമാണ് ഏക പരിഹാരമെന്ന് അനുഗ്രഹപ്രഭാഷണത്തിൽ ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ഗുരുകുലം യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റോഡ്‌ഷോ ജില്ലാ ക്യാപ്‌ടനും പാറശാല യൂണിയൻ സെക്രട്ടറിയുമായ ചൂഴാൽ ജി.നിർമ്മലൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ കെ.എസ്.ഷീല, സി.സുദർശനൻ, ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ്, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.ആർ.യശോധരൻ, കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.അജിത് കുമാർ, ന്യൂസ് എഡിറ്റർ ബി.സുകു, സർക്കുലേഷൻ മാനേജർ എസ്.വിക്രമൻ, ഇവന്റ് മാനേജർ ആർ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പര്യടനം ആരംഭിച്ച റോഡ്‌ഷോ ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് പ്രതിഷ്ഠ നടത്തിയ കോലത്തുകര മഹാദേവക്ഷേത്രം, ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ, ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനം, കല്ലമ്പലം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വർക്കലയിൽ സമാപിച്ചു. വിവിധ എസ്.എൻ.ഡി.പി യൂണിയനുകൾ, ശാഖകൾ,സാംസ്‌കാരിക, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് റോഡ്‌ഷോയ്ക്ക് ലഭിച്ചത്.