e-chandrashekaran

കേരള ഭൂരേഖ നവീകരണ മിഷൻ ഉദ്ഘാടനം ചെയ്തു

മിഷൻ ഡോക്യുമെന്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ഭൂരേഖ നവീകരണ മിഷൻ വന്നതോടെ ഇനി മുതൽ ഭൂമിയുടെ ഉടമസ്ഥാവകാശം അന്യാധീനപ്പെടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായി രൂപീകരിച്ച കേരള ഭൂനവീകരണ മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം മാസ്ക‌റ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റവും കൂടുതലായുള്ള സംസ്ഥാനം കേരളമാണ്. ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. ജന്മിത്വം അവസാനിച്ചിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും മലബാർ മേഖലയിൽ ജന്മിമാരുടെ പേരുകളാണ് ഇപ്പോഴും കിടക്കുന്നത്.ഈ ജന്മിമാരെ അന്വേഷിച്ച് നടക്കുന്ന ട്രൈബ്യൂണലുകൾ ഇപ്പോഴുമുണ്ടെന്നതാണ് മോശമായ ഒരു കാര്യം. 84 ലക്ഷം കുടുംബങ്ങൾക്ക് കൈവശമുള്ള ഭൂമി തങ്ങളുടേതാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

മിഷൻ ഡോക്യുമെന്റിന്റെ പ്രകാശനം രജിസ്ട്രേഷൻ മന്ത്രി ജി.സുധാകരൻ പ്രകാശനം ചെയ്തു. റവന്യൂ മാന്വൽ റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ലാൻഡ് റവന്യൂ കമ്മിഷണറും കേരള ഭൂരേഖ നവീകരണ മിഷൻ ഡയറക്ടറുമായ എ.ടി.ജെയിംസിന് നൽകി പ്രകാശനം ചെയ്തു.സർവേ ഡയറക്ടർ അജിത് പാട്ടീൽ, നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, ധനകാര്യ, നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി, രജിസ്ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ.എൻ.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.