തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി ഉപദേവനായ നരസിംഹ മൂർത്തിയുടെ ബാലാലയ പ്രതിഷ്ഠ നടന്നു. ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്റെ കേടുപാടുകൾ തീർക്കുക, നരസിംഹ മൂർത്തിയുടെ പുന: പ്രതിഷ്ഠ, ശ്രീകോവിലിന്റെ മേൽക്കൂരയുടെ പുനർനിർമ്മാണം എന്നിവയെല്ലാം പൂർത്തിയാക്കണമെന്ന് നിരവധി തവണ സുപ്രീംകോടതി എടുത്തുപറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആദ്യ ഘട്ടമായി നരസിംഹ മൂർത്തിയുടെ വിഗ്രഹത്തെ ബാലാലയത്തിലേക്ക് മാറ്രി പ്രതിഷ്ഠിച്ചത്. ശ്രീകോവിലിൽ നിന്നും മാറ്രിയ നരസിംഹ സ്വാമിയുടെ വിഗ്രഹം ശുദ്ധി ചെയ്ത് ബാലാലയത്തിൽ സ്ഥാപിച്ച് ജീവകലശം അഭിഷേകം ചെയ്ത പ്രതിഷ്ഠ നടത്തി. ജൂൺ മാസത്തോടെ പുനർ നിർമ്മാണ പ്രക്രിയ പൂർത്തീകരിക്കും.
നിരവധി വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജീർണോദ്ധാരണത്തിനാവശ്യമായ മുഴുവൻ തുകയും ബംഗളൂരു ഇസ്കോൺ പ്രസിഡന്റ് മധു പണ്ഡിറ്ര് ആണ് സംഭാവനയായി നൽകിയത്.