തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പടക്കുതിര എന്നറിയപ്പെടുന്ന പി.എസ്.എൽ.വി റോക്കറ്റിന്, ഇരട്ടി ശക്തി പകരാൻ അലുമിനിയം കുന്തമുന ഘടിപ്പിച്ച പുതിയ പതിപ്പായ പി.എസ്.എൽ.വി.ഡി. എല്ലിന്റെ ആദ്യ വിക്ഷേപണം ഇന്ന് രാത്രി 11.37ന് ശ്രീഹരിക്കോട്ടയിൽ നടക്കും.
ഡി.ആർ.ഡി.ഒ യുടെ മൈക്രോസാറ്റ് ആർ, സ്പെയ്സ് കിഡ്സിന്റെ നാനോ സാറ്റലൈറ്റായ കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് യാത്ര. കുതിപ്പിനുള്ള 31മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 7.37ന് ആരംഭിച്ചു.
നാലുഘട്ടങ്ങളുള്ള പി.എസ്.എൽ.വി റോക്കറ്റിന്റെ ഒന്നാം ഘട്ടത്തിൽ ആറ് സ്ട്രാപ്പോണുകൾക്ക് പകരം രണ്ട് സ്ട്രാപ്പോണുകളും നാലാംഘട്ടത്തിൽ ടൈറ്റാനിയം ലോഹത്തിന് പകരം എ.എ.221 എന്ന അലുമിനിയം ലോഹവുമാണ് ഉപയോഗിക്കുക. സോളാർ പാനലുകൾക്ക് പകരം ലിഥിയം അയോൺ ബാറ്ററിയാണ്. റോക്കറ്റിന്റെ മൊത്തം ഭാരം കുറയ്ക്കുകയും ഭാവിയിൽ വാഹകശേഷി കൂട്ടാൻ കഴിയുകയും ചെയ്യുമെന്നതാണ് നേട്ടം.
ആദ്യ ഉപഗ്രഹത്തെ 14 മിനിട്ടിനകം 274 കിലോമീറ്റർ ഉയരത്തിലെത്തിക്കും. പിന്നീട് രണ്ടുതവണ റോക്കറ്റ് അണച്ചും വീണ്ടും എരിച്ചും ഭൂമിക്ക് ചുറ്റും ഒരുതവണ വലം വച്ച ശേഷം (103 മിനിറ്റിന് ശേഷം) 450 കിലോമീറ്റർ ഉയരത്തിൽ രണ്ടാമത്തെ ഉപഗ്രഹത്തെയും ഭ്രമണപഥത്തിൽ എത്തിക്കും. ഇതാദ്യമായാണ് ഉപഗ്രഹത്തെ റോക്കറ്റ് കൃത്യഭ്രമണപഥത്തിൽ എത്തിക്കുന്നത്. സാധാരണ വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഇന്ധനം എരിച്ച്, ഭ്രമണപഥം ഉയർത്തി നിശ്ചിതപഥത്തിലെത്തിക്കുകയാണ് ചെയ്തിരുന്നത്.
വഹിക്കുന്ന ഉപഗ്രഹങ്ങൾ
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ ഇമേജിംഗ് ഉപഗ്രഹമാണ് മൈക്രോസാറ്റ് ആർ. ഇത് പൂർണമായും ആഭ്യന്തരവകുപ്പിന്റെ ദൗത്യനിർവഹണത്തിനാണ്. ഭാരം 744 കിലോഗ്രം.
സ്പെയ്സ് കിഡ്സ് ടീം എന്ന വിദ്യാർത്ഥികളുടെ ബഹിരാകാശ ഗവേഷണ സംഘം തയ്യാറാക്കിയ കലാംസാറ്റാണ് രണ്ടാമത്തെ ഉപഗ്രഹം.
രണ്ടുമാസമാണ് ആയുസ്. ഭാരം 1.2 കിലോഗ്രാം.
പി.എസ്. എൽ.വി റോക്കറ്റ്
ഖര, ദ്രവ ഇന്ധനങ്ങളുമായി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ സ്വന്തം വിക്ഷേപണ റോക്കറ്റാണ് പി.എസ്.എൽ.വി. 1993 സെപ്തംബർ 20നാണ് വിക്ഷേപണ രംഗത്തെത്തിയത്. തുടക്കത്തിൽ 1000 കിലോഗ്രാമായിരുന്നു വാഹകശേഷി.