തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി പദത്തിലേക്ക് കേരളത്തിൽ നിന്നെത്തുന്ന ആദ്യനേതാവായി കെ.സി. വേണുഗോപാൽ മാറുമ്പോൾ, കാലങ്ങളായി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ബലാബലം തീർക്കുന്ന കേരളത്തിലെ കോൺഗ്രസിൽ പുതിയ അധികാരകേന്ദ്രം തുറക്കപ്പെടും. രാഹുൽ ഗാന്ധി കഴിഞ്ഞാൽ രണ്ടാമനെന്ന പരിവേഷമാണ് വേണുഗോപാലിന് ലഭിക്കുന്നത്. അശോക് ഗെഹ്‌ലോട്ടിനെ പോലൊരു മുതിർന്ന നേതാവ് വഹിച്ച പദവിയിലേക്കാണ് വേണുഗോപാലിന്റെ വരവ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി വേണുഗോപാൽ മാറുമ്പോൾ കേരളത്തിൽ കോൺഗ്രസിൽ കാലങ്ങളായി തുടരുന്ന രാഷ്ട്രീയസമവാക്യങ്ങൾ മാറുകയാണ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറിയായി മുകുൾ വാസ്‌നിക് ഉണ്ടെങ്കിലും അവസാനതീരുമാനം വേണുഗോപാലിന്റേതുകൂടിയാവും, സ്ഥാനാർത്ഥിനിർണയത്തിലടക്കം.
പ്രിയങ്ക ഗാന്ധിയുടെ വരവിന്റെ പ്രാധാന്യം
വാക്കിലും നടപ്പിലും ഇന്ദിരാഗാന്ധിയുടെ സാമീപ്യം അനുഭവിപ്പിക്കാനാകുന്ന പ്രിയങ്ക ഗാന്ധിയുടെ വരവിന് ദേശീയരാഷ്ട്രീയത്തിൽ നല്ല പ്രാധാന്യം കൈവരും. ക്രൗഡ്പുള്ളർ പരിവേഷമുള്ള താരസാന്നിദ്ധ്യമായി മാറാൻ പ്രിയങ്കയ്ക്ക് കഴിയും.
പ്രത്യേകിച്ചും യു.പിയിൽ. സമാജ് വാദി പാർട്ടി- ബി.എസ്.പി സഖ്യത്തിൽ പങ്കാളിത്തമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ നിർബന്ധിതരായ കോൺഗ്രസിന് അവിടെ ജനങ്ങളെ ആകർഷിക്കുന്ന ഒരു പുതിയ മുഖം ആവശ്യമാണ് . ഇതാണ് പാർട്ടി പ്രിയങ്കയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെതിരെ ദേശവ്യാപകമായി സ്ത്രീ, ദളിത് ആക്ടിവിസ്റ്റുകളടക്കം രംഗത്തിറങ്ങുന്ന കാലത്ത് ശക്തയായ വനിതാനേതാവിന്റെ സാന്നിദ്ധ്യം പ്രിയങ്കയിലൂടെ അനുഭവിപ്പിക്കാനാകുമെന്ന് കോൺഗ്രസ് ദേശീയനേതൃത്വം കരുതുന്നു. രാഹുലും പ്രിയങ്കയും ഒന്നിച്ച് നീങ്ങിയാൽ മോദി- അമിത്ഷാ ദ്വയത്തിന്റെ രഥവേഗം തടയാനാവുമെന്ന് ഹൈക്കമാൻഡ് കണക്ക്കൂട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരും ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള സംഘടനാ ജനറൽസെക്രട്ടറിയായി നെഹ്റു കുടുംബത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി എത്തുന്നത് പുതിയ പോരാട്ട സമവാക്യങ്ങൾക്ക് തുടക്കമിടാം.
1999ലെ തിരഞ്ഞെടുപ്പുകാലം തൊട്ട് യു.പിയിൽ കോൺഗ്രസിനായി പ്രചാരണരംഗത്തിറങ്ങിയ പ്രിയങ്ക, അന്നുതൊട്ടേ ജനങ്ങളെ ഇളക്കിമറിക്കാൻ പാകത കൈവന്ന നേതാവായി വിലയിരുത്തപ്പെട്ടതാണ്. ഇന്ദിരാഗാന്ധി മരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് പ്രിയങ്കയുടെ രാഷ്ട്രീയഭാവി പ്രവചിച്ചുവെന്നൊക്കെ കോൺഗ്രസ് വൃത്തങ്ങളിൽ പ്രചരിക്കുന്ന കഥയുമാണ്. സോണിയാഗാന്ധി അസുഖബാധിതയായി വിശ്രമജീവിതത്തിലേക്ക് നീങ്ങിയ വേളയിൽ പ്രിയങ്കയ്ക്കായി കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ മുറവിളി കൂട്ടിയതും ശ്രദ്ധേയം. യു.പിയിലാകട്ടെ, സമാജ് വാദി നേതൃത്വവുമായി പോലും അടുപ്പം പുലർത്തുന്ന നേതാവെന്ന പ്രതിച്ഛായയുമുണ്ട് പ്രിയങ്കയ്ക്ക്. റായ്ബറേലിയിൽ സോണിയയ്ക്ക് പകരം ഇക്കുറി സ്ഥാനാർത്ഥിയാവുക പ്രിയങ്കയെന്നും ഇതോടെ പ്രചാരണം ശക്തമായി.
അതേസമയം, കുടുംബാധിപത്യമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും ആഭ്യന്തര ജനാധിപത്യമില്ലെന്നുമുള്ള ബി.ജെ.പി ആക്ഷേപത്തിന് ബലമേകാൻ പ്രിയങ്കയുടെ വരവ് വഴിവയ്ക്കുകയുമാണ്.