1

പൂവാർ: നെയ്യാറ്റിൻകര പൂവാർ റോഡിൽ തീരദേശ ഹൈവേയ്ക്കായി അണ്ടർ ഗ്രൗണ്ട് ബ്രിഡ്ജ് നിർമ്മാണം നടക്കുന്ന തിരുപുറം മണ്ണക്കൽ ഭാഗത്താണ് അപകടം പതിവാകുന്നു. അണ്ടർ ഗ്രൗണ്ട് ബ്രിഡ്ജ് നിർമ്മാണത്തിനായി പ്രധാന റോഡ്‌ മുറിച്ച് സമാന്തര റോഡ് നിർമ്മിച്ചതോടെയാണ് അപകടങ്ങൾ തുടക്കം. കൂടുതലും ടൂവീലറുകളാണ് അപകടത്തിൽ പെടുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി നിൽക്കും. വേനലായാൽ പൊടിയുടെ പൂരം. പ്രദേശത്തെ വീടുകളും വൃക്ഷങ്ങളും ഇപ്പാൾ പൊടി കൊണ്ട് നിറയുകയാണ്. ഇപ്പോൾ തന്നെ അറുമാസത്തോളമായി റോഡ് പണി തുടങ്ങായിട്ട്. പണി പൂർത്തിയാക്കാൻ ഇനിയുമെത്ര മാസം വേണ്ടിവരുമെന്ന് ആർക്കുമറിയില്ല. സമാന്തരമായി നിർമ്മിച്ച റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൂവാർ മുതൽ നെയ്യാറ്റിൻകര വരെയുള്ള പ്രധാന റോഡിന്റെ നവീകരണ പ്രവർത്തി നടന്നു കൊണ്ടിരിക്കുകയാണ്. ഓടകളുടെ നിർമ്മാണം പൂർത്തിയായി. 15 കോടി രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കാലാവധി കഴിയാൻ ഇനി ഏതാനും മാസങ്ങൾ മാത്രമെ ബാക്കിയുള്ളു. തിരുപുറം മണ്ണക്കൽ സമാന്തര റോഡ് അടിയന്തിരമായി നവീകരിച്ച് അപകട ഭീതി ഒഴിവാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.