തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി ഉപദേവനായ നരസിംഹമൂർത്തിയുടെ ബാലാലയ പ്രതിഷ്ഠ നടന്നു. നരസിംഹ മൂർത്തിയുടെ വിഗ്രഹത്തെ ബാലാലയത്തിലേക്ക് മാറ്രി പ്രതിഷ്ഠിച്ചു. ജൂൺ മാസത്തോടെ പുനർനിർമ്മാണ പ്രക്രിയ പൂർത്തീകരിക്കും. നിരവധി വർഷങ്ങൾക്ക് ശേഷമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി നടക്കുന്ന ചടങ്ങുകൾ ഇന്നു പൂർത്തിയാകും. തന്ത്രി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട് , പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്, ക്ഷേത്രത്തിലെ പെരിയ നമ്പി ഇടപാടി രാധാകൃഷ്ണൻ രവിപ്രസാദ്, പഞ്ചഗവ്യത്ത് നമ്പി മാക്കരംകോട് വിഷ്ണുപ്രകാശ്, ക്ഷേത്രം ചെയർമാൻ കെ. ബാബു, എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, ഭരണസമിതി അംഗം വിജയകുമാർ, എട്ടരയോഗം പ്രതിനിധി നെയ്‌തശേരി മഠം മനോജ്, സ്ഥാനി മൂലം തിരുനാൾ രാമവർമ്മ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. നരസിംഹസ്വാമിയുടെ വിഗ്രഹത്തിലെ ദേവചൈതന്യം ആവാഹിച്ച് കലശത്തിലാക്കി പ്രത്യേകം ഒരുക്കിയ ശയ്യയിൽ പ്രതിഷ്ഠിച്ചു. ശ്രീകോവിലിൽ നിന്നു മാറ്രിയ നരസിംഹ സ്വാമിയുടെ വിഗ്രഹം ശുദ്ധി ചെയ്‌ത് ബാലാലയത്തിൽ സ്ഥാപിച്ച് ജീവകലശം അഭിഷേകം ചെയ്‌ത പ്രതിഷ്ഠ നടത്തി. ജീർണോദ്ധാരണത്തിനാവശ്യമായ മുഴുവൻ തുകയും ബാംഗ്ലൂർ ഇസ്കോൺ പ്രസിഡന്റ് മധു പണ്ഡിറ്രാണ് സംഭാവന നൽകിയത്.