ka

തിരുവനന്തപുരം: സംസ്ഥാന ഭരണ സർവീസിലെ (കെ.എ.എസ്)​ മൂന്നു തട്ടുകളിലും പിന്നാക്ക,​ പട്ടിക വിഭാഗക്കാർക്ക് സംവരണം ഉറപ്പാക്കിയുള്ള ചട്ടഭേഗതി ലോക്‌സഭാ തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുമ്പ് പൂർത്തിയാക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി സർവീസ് ചട്ടവും സ്‌പെഷ്യൽ റൂളും പരിഷ്‌കരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഫയലുകൾ ഇന്നലെത്തന്നെ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന് കൈമാറി.

ചട്ടഭേഗതിക്കുള്ള പരിശോധന തുടങ്ങിയതായി നിയമസെക്രട്ടറി 'കേരളകൗമുദി'യോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കി അന്തിമവിജ്ഞാപനമിറക്കും. അടുത്തദിവസം തന്നെ പി.എസ്.സി വിജ്ഞാപനവുമുണ്ടാകും.

എല്ലാവർക്കും അപേക്ഷിക്കാവുന്ന,​ പൊതുവിഭാഗം സ്ട്രീം ഒന്നിൽ മാത്രമായിരുന്നു നേരത്തേ സംവരണം. ഭേദഗതി വരുന്നതോടെ എല്ലാ വകുപ്പുകളിലെയും നോൺ ഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികക്കാർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിൽക്കൂടി സംവരണം ലഭിക്കും. കെ.എ.എസിൽ ആകെയുള്ള 150 തസ്തികകളിലും സംവരണാനുകൂല്യമുണ്ടാകും. നേരത്തേ ഇത് 50 തസ്തികകളിൽ മാത്രമായിരുന്നു. പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്ക് 50ശതമാനം സംവരണം ഉറപ്പാക്കിയുള്ളതാവും ഭേദഗതിയെന്ന് നിയമസെക്രട്ടറി വിശദീകരിച്ചു. 2017ഡിസംബർ 29ന് പുറപ്പെടുവിച്ച ചട്ടത്തിലാണ് ഭേദഗതി വരുത്തുക.

കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 10ശതമാനം സാമ്പത്തികസംവരണവും കെ.എ.എസിലുണ്ടാവും.

ബൈട്രാൻസ്ഫർ ഇനത്തിൽ 77ശതമാനം തസ്തികകളാണുള്ളത്. സ്ട്രീം രണ്ടിൽ നാൽപ്പതും മൂന്നാം സ്ട്രീമിൽ അമ്പതുമാണ് പ്രായപരിധി. ഈ തസ്തികകളിൽ വയസിളവും ചട്ടഭേദഗതിയിലുണ്ടാവും. 2003ൽ യു.ഡി.എഫ് സർക്കാർ നിറുത്തലാക്കിയ, ബൈട്രാൻസ്ഫർ നിയമനങ്ങളിലെ സംവരണം പുന:സ്ഥാപിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തതെന്ന് കെ.സോമപ്രസാദ് എം.പി പറഞ്ഞു.

''എല്ലാ സ്ട്രീമുകളിലും സംവരണം നൽകാനുള്ള ചട്ടഭേദഗതി ഉടനുണ്ടാവും. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപ് നടപടി പൂർത്തിയാക്കും''

മുഖ്യമന്ത്രിയുടെ ഓഫീസ്