തിരുവനന്തപുരം: സംസ്ഥാനത്തെ ഡിഗ്രി വിദ്യാർത്ഥികൾക്ക് കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ വഴി വിദഗ്ദ്ധപരിശീലനം നൽകി മികച്ച സർവകലാശാലകളിൽ ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന ധനുസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു
കേരള സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിച്ച മോഡൽ കരിയർ സെന്ററും നവീകരിച്ച ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു ജില്ലയിൽ 200 ഒന്നാം വർഷ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് മൂന്നു വർഷം പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. തുടക്കമെന്ന നിലയിൽ പേരാമ്പ്രയിലെ കരിയർ ഡെവലപ്‌മെന്റ് സെന്റർ മുഖേന 200 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. തുടർന്ന് എല്ലാ സെന്ററിലേക്കും വ്യാപിപ്പിക്കും.
എല്ലാ ജില്ലകളിലും കരിയർ ഡെവലപ്‌മെന്റ് സെന്റർ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കരിയർ സെന്ററുകളുടെ സേവനം വ്യാപിപ്പിക്കും. തുടക്കമെന്ന നിലയിൽ തിരുവനന്തപുരം മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര തൊഴിൽ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അശ്വിനി കുമാർ മുഖ്യാതിഥിയായിരുന്നു. എംപ്ലോയ്‌മെന്റ് ഡയറക്ടർ എസ്.ചന്ദ്രശേഖർ അദ്ധ്യക്ഷനായിരുന്നു. തൊഴിൽകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, കേരള സർവകലാശാല പ്രോവൈസ് ചാൻസലർ പി.പി.അജയകുമാർ, യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് സെന്റർ ചീഫ് ഡോ.ബി.ഹരിഹരൻ,സിൻഡിക്കേറ്റംഗം എം.ഹരികൃഷ്ണൻ,വാർഡ് കൗൺസിലർ ഐഷാ ബേക്കർ ,എംപ്ലോയ്‌മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ എം.എ ജോർജ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.