house

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ കടമ്പാട്ടുകോണത്ത് മരകമ്പുകൾ നാട്ടി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയ്ക്കുള്ളിൽ വെയിലും മഴയുമേറ്റ് ജീവിച്ചിരുന്ന ആശയ്ക്കും പറക്കമുറ്റാത്ത മക്കൾക്കും ഇനി സ്നേഹവീട്ടിൽ സുഖമായി അന്തിയുറങ്ങാം. റേഷൻ കാർഡ് പോലുമില്ലാത്തതിനാൽ സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ കിളിമാനൂർ റോട്ടറി ക്ലബ് ഇവർക്ക് സ്നേഹവീട് ഒരുക്കുകയായിരുന്നു. മാതാവിന്റെ ഓഹരിയായി ലഭിച്ച 9 സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു ആശയുടെയും മക്കളുടെയും താമസം. ഭർത്താവ് ഉപേക്ഷിച്ചതോടെ സമീപത്തെ ഒരു കടയിൽ തൂപ്പുജോലി ചെയ്താണ് 9 വയസുള്ള മകൾ വൈഗയെയും മൂന്നര വയസുള്ള മകൻ വൈഷ്ണവിനെയും ഇവർ വളർത്തിയിരുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 2ന് റൊട്ടേറിയൻ ഡോ. കെ.എൻ. രാമൻ നായർ സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. മാസങ്ങൾക്കുള്ളിൽ 500 ചതുരശ്ര അടിയിലുള്ള വീടാണ് പണി പൂർത്തിയാക്കിയത്. റിപ്പബ്ലിക് ദിനമായ നാളെയാണ് ഗൃഹപ്രവേശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 8ന് റോട്ടറി ഗവർണർ ഇ.കെ. ലുക്കിന്റെ അദ്ധ്യക്ഷതയിൽ കടമ്പാട്ടുകോണത്ത് നടക്കുന്ന ചടങ്ങിൽ അഡ്വ. ബി.സത്യൻ എം.എൽ.എ താക്കോൽദാനം നിർവഹിക്കും. ഒട്ടേറെ സാമൂഹ്യക്ഷേമപദ്ധതികളാണ് റോട്ടറി ക്ലബ് നടപ്പാക്കി വരുന്നതെന്ന് ക്ലബ് പ്രസിഡന്റ് കെ.ജി. പ്രിൻസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഹൃദ്‌രോഗികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഹൃദയതാളം എന്ന പദ്ധതി പ്രകാരം ശാസ്താംകോട്ട പത്മാവതി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഹൃദയ സംബന്ധമായ അസുഖമുള്ളവർക്ക് ചികിത്സ ലഭ്യമാക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ണി ആചാരി (46) എന്നയാൾക്ക് ഡോ. സുമീന്ദ്രന്റെ നേതൃത്വത്തിൽ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തിയിരുന്നു. 2000 ൽ ആരംഭിച്ച ഗോട്ട് പദ്ധതി പ്രകാരം ക്ലബ് 2200 ഓളം പേർക്ക് സൗജന്യമായി ആട്ടിൻ കുട്ടികളെ വിതരണം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷത്തിലേറെ രൂപ സംഭാവന ചെയ്ത റോട്ടറി ക്ലബ് പ്രളയകാലത്ത് കളക്‌ഷൻ സെന്ററായും പ്രവർത്തിച്ചിരുന്നു. റോട്ടറി ക്ലബ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.ജി. പ്രിൻസ്, സെക്രട്ടറി വി. ഭാസി, കെ. സോമൻ, ശ്രീകുമാർ, അനിൽ, ശ്രീ നാഗേഷ് എന്നിവർ പങ്കെടുത്തു.