io

വെഞ്ഞാറമൂട്: ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിൽ വൻ തീ പിടിത്തം. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് സഘം എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഇവിടെ തീ പിടിത്തമുണ്ടാകുന്നത്. തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പുർണമായും കെടുത്താൻ നാലു മണിക്കൂറോളം വേണ്ടിവന്നു. അടിയ്ക്കടി ഇവിടെയുണ്ടാകുന്ന തീ പിടിത്തത്തത്തിൽ ഭീതിയിലാണ് നാട്ടുകാർ. ഇവിടെ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരാണ് തീ ഇടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വെഞ്ഞാറമൂട് - പോത്തൻകോട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് ഈ സ്ഥലം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ സി. അനിൽകുമാർ, ലീഡിംഗ്ഫയർമാൻ രാജേന്ദ്രൻ നായർ, ഡ്രൈവർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തുന്നതിന് നേതൃത്വം നൽകിയത്. അടിയന്തരമായി ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.