തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങിൽ മേയർ വി.കെ. പ്രശാന്തിനെയും ശശി തരൂർ എം.പിയെയും സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാറിനെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നഗരസഭയിൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിഷേധ പ്രമേയം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തു നിന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാൻ കൂടിയായ കെ. ശ്രീകുമാറും യു.ഡി.എഫിൽ നിന്ന് ഡി.അനിൽകുമാറുമാണ് പ്രമേയം കൊണ്ടുവന്നത്. രണ്ട് പ്രമേയങ്ങളും അവതരിപ്പിക്കാനുള്ള അനുമതി മേയർ നൽകി. ഇത് ബി.ജെ.പിക്കെതിരെയുള്ള ഭരണപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും യോജിച്ചുള്ള പ്രതിഷേധത്തിന് കാരണമായി. തിരഞ്ഞെടുപ്പിന് മുമ്പുള്ള പുതിയ കൂട്ടുകെട്ടായി ഈ യോജിപ്പിനെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ബി.ജെ.പിക്കായെങ്കിലും അവരുടെ ഒറ്റപ്പെട്ട പ്രതിഷേധത്തിനിടയിൽ മോദി വിരുദ്ധ പ്രമേയം കൗൺസിൽ പാസാക്കി. യു.ഡി.എഫിനുവേണ്ടി സംസാരിച്ച ബീമാപള്ളി റഷീദ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
സി.പി.എമ്മിൽ നിന്നു ആർ.പി.ശിവജി മാത്രമാണ് പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിച്ചത്. ഇതിനിടെ യു.ഡി.എഫ് വനിതാ കൗൺസിലർ സി.ആർ.സിനി ആർ.എസ്.എസ് മഹാത്മഗാന്ധിയുടെ ഘാതകരാണെന്നു പറഞ്ഞത് കൗൺസിലിൽ വലിയ ബഹളത്തിനിടയാക്കി. ബി.ജെ.പി കൗൺസിലർമാരുടെ ആവശ്യപ്രകാരം സിനി നടത്തിയ ചില പരാമർശങ്ങൾ രേഖയിൽ നിന്ന് ഒഴിവാക്കാമെന്നു മേയർ റൂളിംഗ് നൽകിയതിനെ തുടർന്നാണ് അംഗങ്ങൾ ബഹളം അവസാനിപ്പിച്ചത്. നഗരസഭയുടെ 2017-18 വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിനെതിരെയും കൗൺസിലിൽ പ്രതിഷേധമുയർന്നു. റിപ്പോർട്ടിൽ നഗരസഭ നടപ്പിലാക്കിയ പൊതുവായ പദ്ധതികളെ സംബന്ധിച്ചോ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനെ സംബന്ധിച്ചോ ഒരു വ്യക്തതയും ഇല്ലെന്ന് ബി.ജെ.പി കൗൺസിലർ കരമന അജിത്ത് പറഞ്ഞു. യു.ഡി.എഫും വിഷയം ഏറ്റെടുത്തതോടെ ഭരണ റിപ്പോർട്ടിൽ വന്ന കുറവുകൾ പരിഹരിച്ചതിനു ശേഷം അംഗീകാരം നൽകാമെന്ന് മേയർ പറഞ്ഞു.