niyamasabha

തിരുവനന്തപുരം: മണ്ഡലകാലം കഴിഞ്ഞിട്ടും തീരാത്ത ശബരിമല വിവാദത്തിനിടെ നിയമസഭ 'ബഡ്ജറ്റ് കാല' സമ്മേളനത്തിലേക്ക് നാളെ കടക്കും. രാജ്യമാകെ തിരഞ്ഞെടുപ്പിന്റെ ഓളങ്ങളിലേക്ക് നീങ്ങിയിരിക്കെ, നിയമസഭയുടെ ഈ സമ്മേളനകാലവും തിരഞ്ഞെടുപ്പ് ഇഫക്ടിൽ കുലുങ്ങാനാണ് സാദ്ധ്യത. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് നാളെ സമ്മേളനം തുടങ്ങുന്നത്.

തിരഞ്ഞെടുപ്പ് കാലമായത് കൊണ്ടുതന്നെ ജനകീയ വിഷയങ്ങളുയർത്തി ഭരണ- പ്രതിപക്ഷങ്ങളുടെ കൊമ്പുകോർക്കൽ ഈ സമ്മേളനകാലത്ത് പ്രതീക്ഷിക്കാം. പ്രളയാനന്തര കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വരാനൊരുങ്ങുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷനേതാവ് വിവിധ പ്രളയബാധിതമേഖലകൾ സന്ദർശിച്ചതും ആരോപണങ്ങളുന്നയിച്ചതും ഇതിന്റെ സൂചനയാണ്. എന്നാൽ, പുനർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നാകും സർക്കാരിന്റെ വാദം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഊന്നൽ നൽകുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കേന്ദ്രിതമായ സുപ്രധാന വികസനപദ്ധതികളും പ്രഖ്യാപിക്കുന്നതാകും ഇത്തവണത്തെ ബഡ്ജറ്റ്. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിലും ഇതിന്റെ ദിശാസൂചികകളുണ്ടാവും.

വനിതാമതിലിന് പിന്നാലെ ശബരിമല യുവതീപ്രവേശനം നടന്നത് വിശ്വാസികൾക്കെതിരായ ആക്രമണമെന്ന നിലയിൽ അവതരിപ്പിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കുകയെന്ന ബാദ്ധ്യത നിറവേറ്റുക മാത്രമാണുണ്ടായതെന്ന് സർക്കാരും വിശദീകരിക്കും. തിങ്കൾ മുതൽ ബുധൻ വരെയാണ് നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിശ്ചയിച്ചിരിക്കുന്നതെങ്കിലും കൊച്ചിയിലെ രാഹുൽഗാന്ധിയുടെ പരിപാടി കണക്കിലെടുത്ത് ബുധനാഴ്ചത്തെ സമ്മേളനം ചിലപ്പോൾ ഒഴിവാക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചേക്കും.