ആറ്റിങ്ങൽ: നാലു നൂറ്റാണ്ടായി മുറതെറ്റാതെ നടക്കുന്ന തിരുവാറാട്ടു കാവിലെ അരിയിട്ടു വാഴ്ച ചടങ്ങുകൾ തിരുവിതാംകൂർ രാജവംശത്തിലെ ഇപ്പോഴത്തെ രാജ സ്ഥാനീയൻ മൂലംതിരുനാൾ രാമവർമ്മയുടെ നേതൃത്വത്തിൽ നടന്നു. തിരുവിതാംകൂറിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടു കാവിൽ ഇന്നലെ വൈകിട്ടോടെ നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ അകമ്പടിയോടെ, തീവെട്ടിയുടെ വെളിച്ചത്തിൽ രാജകുടുംബാംഗങ്ങൾ ക്ഷേത്രം വലംവച്ച ശേഷം അമ്പലക്കെട്ടിലേക്ക് പ്രവേശിച്ചു. ശ്രീഭൂത ബലികഴിഞ്ഞ് ദേവിയുടെ വാൾ ക്ഷേത്രത്തിനകത്ത് വരച്ച കളത്തിലേക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. സ്വർണംകെട്ടിയ ശംഖിൽ നിറച്ച പുത്തരി ക്ഷേത്ര ശാന്തി രാജകുടുംബാംഗത്തിന് കൈമാറി. അദ്ദേഹം അത് കളത്തിൽ പൂജിച്ച് പൂജാരിക്ക് നൽകി ദേവിക്ക് അഭിഷേകം നടത്തി. അഭിഷേകം ചെയ്യുന്ന പുത്തരി നുറുങ്ങുമെന്നും അത് രാജ്യത്തിന് അഭിവൃദ്ധി നൽകുമെന്നുമാണ് സങ്കല്പം. കളമെഴുത്തും പാട്ടും നടത്തി പരിശുദ്ധമാക്കിയ പുരയിൽ ദേവീ പീഠത്തിൽ തണ്ടുല പൂജ നടത്തി, ദേവിക്ക് ആടിയ അരി പ്രസാദമായി രാജകുടുംബാംഗങ്ങൾക്ക് നൽകി. കളത്തിലരി ദേവിയുടെയും രാജകുടുംബാംഗത്തിന്റെയും ശിരസിൽ അഭിഷേകം ചെയ്തു. വരുംവർഷത്തെ സമ്പൽ സമൃദ്ധിയാണ് കളത്തിലരിയിൽ തെളിയുന്നതെന്നാണ് സങ്കല്പം. ഇന്ന് നടക്കുന്ന ചന്ദ്രവിളക്ക്, വലിയവിളക്ക് എന്നിവയോടെ അരിയിട്ടുവാഴ്ച സമാപിക്കും. പൂയം തിരുനാൾ ഗൗരിഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി,പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ,അവിട്ടം തിരുനാൾ ആദിത്യവർമ്മ, രാമവർമ്മ, ഗിരിജ വർമ്മ , രശ്മി, ഗൗരി, പ്രഭ, ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി. ശങ്കരദാസ്, പാറവിള വിജയകുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ശ്രീകുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ആർ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തന്ത്റി കാട്ടുമാടം പ്രവീൺ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.