ബേക്കലിൽ കാൽകിലോ കഞ്ചാവ്, രേഖയില്ലാതെ 170 വണ്ടികൾ
തിരുവനന്തപുരം: 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ മിന്നൽ പരിശോധന നടന്ന 54 പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാർ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായി വിജിലൻസ്. ഇവരെല്ലാം ഇന്നുതന്നെ രേഖാമൂലം സ്റ്റേറ്റ്മെന്റ് നൽകണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ പൂർണ റിപ്പോർട്ട് നാളെ ലഭിച്ചിരിക്കണമെന്ന് വിജിലൻസ് മേധാവി ബി.എസ് മുഹമ്മദ് യാസിൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. 54 എസ്.എച്ച്.ഒമാരിൽ പകുതിയോളം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിക്ക് നൽകുന്ന ശുപാർശാ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയ ശേഷമാവും നടപടിയുണ്ടാവുക. സാധാരണഗതിയിൽ രണ്ടാഴ്ചയോളമെടുക്കുന്ന നടപടികളാണ് അതിവേഗത്തിൽ പൂർത്തിയാക്കുന്നത്.
മണൽ, ക്വാറി മാഫിയകളുമായി പൊലീസിന്റെ ബന്ധം കണ്ടെത്താൻ തുടങ്ങിയ മിന്നൽപരിശോധനയിൽ കഞ്ചാവും കണക്കിൽപ്പെടാത്ത പണവും സ്വർണവുമാണ് സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്തത്. കാസർകോട് ബേക്കൽ സ്റ്റേഷനിൽ കാൽകിലോ കഞ്ചാവ് സൂക്ഷിച്ചത് കണ്ടെത്തി. 2018ൽ ലഭിച്ച 108പരാതികൾ രജിസ്റ്റർ ചെയ്തിട്ടില്ല. സ്റ്റേഷനിൽ പിടിച്ചിട്ട 170 വാഹനങ്ങൾക്ക് ഒരു രേഖയുമില്ല. കണ്ണൂരിലെ ഒരു സ്റ്റേഷനിൽ രണ്ടുലോറി ഗ്രാനൈറ്റും രണ്ട് ലോഡ് വെട്ടുകല്ലും പിടിച്ചിട്ടിരിക്കുന്നെങ്കിലും ഒരു രേഖയുമില്ല, കേസുമില്ല. രസീതുമില്ല. ബാലരാമപുരം സ്റ്റേഷനിൽ ഡ്രൈവർ മരിച്ചതടക്കമുള്ള 8 വാഹനാപകടക്കേസുകളിൽ ഒരു അന്വേഷണവും നടത്തിയിട്ടില്ല. ശംഖുംമുഖം സ്റ്റേഷനിൽ 51ദീർഘകാല വാറണ്ട് കൂട്ടിയിട്ടിരിക്കുന്നു. നേമം സ്റ്റേഷനിൽ മണ്ണു കടത്തിയ ലോറി ഒരു രേഖയുമില്ലാതെ പിടിച്ചിട്ടിരിക്കുന്നു,
കരുനാഗപ്പള്ളി സ്റ്റേഷനിൽ 75,000രൂപയും കോഴിക്കോട് ടൗൺ, ബേക്കൽ സ്റ്റേഷനുകളിൽ കണക്കിൽപെടാത്ത സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഇത് തൊണ്ടിമുതലാണെന്നാണ് പൊലീസുകാരുടെ വാദം. എന്നാൽ സി.ആർ.പി.സി 102പ്രകാരം ഇവ പിടികൂടിയാലുടൻ കോടതിയിൽ ഹാജരാക്കേണ്ടതാണ്. പ്രളയത്തിൽ സ്വർണം ഒഴുകിവന്നതാണെന്ന അടിമാലിയിലെ പൊലീസുകാരുടെ വാദം വിജിലൻസ് തള്ളിക്കളയുന്നു.
അതേസമയം, വിജിലൻസിന്റെ ശുപാർശ അതേപടി നടപ്പാക്കില്ലെന്നും ഗുരുതരമായ കുറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് ആസ്ഥാനം വ്യക്തമാക്കി.
ക്വാറികളെല്ലാം പൂട്ടി
പൊലീസ്-ക്വാറിമാഫിയ ബന്ധം കണ്ടെത്തിയിടത്ത് ഇന്നലെയും വിജിലൻസ് പരിശോധനയ്ക്കിറങ്ങി. ക്വാറികളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, എല്ലാ ക്വാറികളും പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഇന്നലെ വിജിലൻസ് പരിശോധനയുണ്ടാവുമെന്ന വിവരം പൊലീസ് ക്വാറിയുടമകൾക്ക് ചോർത്തിയെന്നാണ് സംശയം.