തിരുവനന്തപുരം: ഇന്നലെ നടക്കേണ്ടിയിരുന്ന പതിവ് മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള കുടുംബയോഗങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലായതിനാലാണ് മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിയത്. പതിവ് മന്ത്രിസഭായോഗം ബുധനാഴ്ച തന്നെയായിരുന്നു കഴിഞ്ഞാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം കണക്കിലെടുത്ത് പിന്നീടത് മാറ്റുന്നതായി മന്ത്രിമാരെ അറിയിക്കുകയായിരുന്നു. യു.ഡി.എഫ് ഉപരോധം കാരണമാണ് മാറ്റിവച്ചതെന്ന അഭ്യൂഹങ്ങളും ഉയരുകയുണ്ടായി.
ഇന്നലെ സെക്രട്ടേറിയറ്റിന് ചുറ്റിലും യു.ഡി.എഫ് ഉപരോധസമരവുമുണ്ടായിരുന്നു. ഉപരോധം കാരണം മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിലോയെന്ന ആശങ്കയുമുണ്ടായിരുന്നു. വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഇന്നലെ രാവിലെ 10.30ന് നടത്താനിരുന്ന വാർത്താസമ്മേളനം വാർത്താലേഖകരിൽ പലർക്കും സെക്രട്ടേറിയറ്റിനകത്ത് കയറാനാവാത്തത് മൂലം ഒരു മണിക്കൂർ വൈകിയാണ് നടത്തിയത്. മന്ത്രി കെ.കെ. ശൈലജ ആയുഷ് കോൺക്ലേവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനം മസ്കറ്റ് ഹോട്ടലിലാണ് നടത്തിയത്.