കിളിമാനൂർ: തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റുകളിൽ ഒന്നാണ് കിളിമാനൂരിലേതെങ്കിലും ഇവിടെ പോരായ്‌മകൾ ഏറെയാണ്. 1981ൽ പഴയകുന്നുമ്മൽ പഞ്ചായത്തും സമീപ പഞ്ചായത്തുകളും വ്യക്തികളും ചേർന്ന് കെ.എസ്.ആർ.ടി.സി.ക്ക് വാങ്ങി നൽകിയ മൂന്നര ഏക്കർ ഭൂമിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായ ശേഷം ആകെ സ്ഥാപിച്ച ഒരു കെട്ടിട സമുച്ചത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ മറ്റു മുറികൾ അശാസ്ത്രീയമായ നിർമ്മാണവും ഉയർന്ന വാടകയും കാരണം ആരും വാടകയ്ക്ക് എടുക്കുന്നില്ല എന്ന പരാതിയും ഉണ്ട്.
സ്റ്റാന്റിലെ ടോയ്ലറ്റുകൾ പൊട്ടിപ്പൊളിഞ്ഞതും, മാലിന്യവും കൊതുകും നിറഞ്ഞ് മനുഷ്യന് അടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും ആക്ഷേപമുണ്ട്. സ്റ്റാന്റിന് അകത്തുള്ള മാലിന്യങ്ങൾ വീപ്പകളിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി യാത്രക്കാർ പറയുന്നു. നിരവധി പരിഷ്‌കാരങ്ങൾ നടത്തുന്ന കെ.എസ്.ആർ.ടി.സി. അധികൃതർ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.