photo

പാലോട്: നന്ദിയോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന അഗ്നിക്കാവടിയും ഭഗവാന്റെ ആനപ്പുറത്തെഴുന്നള്ളത്തും നാടിനെ ഭക്തിയിലാറാടിച്ചു. വ്രതം നോറ്റ നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ സ്വാമി ചന്തവിള ഷിബു അഗ്നിക്കാവടിയിൽ മുഖ്യകാർമ്മികനായി. മേൽശാന്തി വിശേഷാൽ പൂജകൾ നടത്തി ആനപ്പുറത്തെഴുള്ളത്ത് വൈകിട്ട് നാലോടെ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ടു. പാലോട് ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നിറപറയെടുപ്പ് ഘോഷയാത്ര വർണ്ണാഭമായിരുന്നു. പഞ്ചവാദ്യവും മുത്തുക്കുടയേന്തിയ വനിതകളും ശിങ്കാരിമേള സംഘങ്ങളും നെയ്യാണ്ടിമേളവും കരകാട്ടവും വിവിധ കലാരൂപങ്ങളും പലതരം കവാടികളും ഭഗവാന് അകമ്പടിയായി. ക്ഷേത്രകമ്മിറ്റി ഭാരവാഹികളും എസ്.എൻ.ഡി.പി യോഗം ശാഖാ നേതാക്കളുമായ ബി.എസ്. രമേശൻ, പി. അനിൽകുമാർ, സഹദേവപ്പണിക്കർ, ചന്ദ്രദാസ് വാഴപ്പാറ, അജി കുഴിവിള, കെ. രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.