ksrtc-strike

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനമോ ജോലി സമയം കഴിയുമ്പോൾ പകരം ജീവനക്കാരെ നിയോഗിക്കുകയോ ചെയ്യും.

ജീവനക്കാരുടെ സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി മന്ത്രിതല ചർച്ചയിലെ സമവായപ്രകാരമാണ് നടപടി. ഗതാഗത സെക്രട്ടറി നിർദേശിച്ച ഡ്യൂട്ടി പരിഷ്‌കരണം പൂർണ്ണമായും നടപ്പാക്കുകയാണ്.

ദീർഘദൂര ബസുകളിൽ എട്ടുമണിക്കൂർ കഴിയുമ്പോൾ ഡ്രൈവറും കണ്ടക്ടറും മാറേണ്ടിവരും. ഒരു ഡ്യൂട്ടിയിൽ ഏഴുമണിക്കൂറാണ് ബസ് ഓടിക്കേണ്ടത്. ആവശ്യഘട്ടങ്ങളിൽ രണ്ട് മണിക്കൂർ കൂടി ബസ് ഓടിക്കാം. ഇതിന് അധികവേതനം നൽകും. ഇൻർസിറ്റി, ടൗൺ ടു ടൗൺ, ചെയിൻ സർവീസുകളിൽ ഏഴുമണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ ഡ്രൈവർക്ക് വിശ്രമം നൽകും. അപകടമൊഴിവാക്കാനാണിത്.
ഓർഡിനറി സിറ്റി ബസുകളിൽ രണ്ട് ഷിഫ്റ്റ് ഡ്യൂട്ടി തുടരും. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും രണ്ടിന് തുടങ്ങി രാത്രി പത്ത് വരെയും. പ്രാദേശിക ആവശ്യങ്ങൾക്ക് അനുസരിച്ച് ഇത് മാറ്റാം.
ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിന് പ്രാധാന്യം നൽകുന്നതാണ് പുതിയ ക്രമം. പത്താംക്ലാസ് യോഗ്യതയുള്ള ഡ്രൈവർമാർക്കെല്ലാം കണ്ടക്ടർമാരാകാൻ അവസരം നൽകും. ബസുകളുടെ റണ്ണിംഗ് ടൈം പുനക്രമീകരിക്കാനും നിർദേശമുണ്ട്.