ind

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

നേപ്പിയർ : തീയിൽ കുരുത്തത് കിവീസിലെ വെയിലത്തും വാടില്ലെന്ന് തെളിയിച്ച് വിരാടും കൂട്ടരും. ഇന്നലെ കനത്ത വെയിൽകാരണം ഇടയ്ക്ക് നിറുത്തിവയ്ക്കേണ്ടിവന്ന ആ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെ എട്ടു വിക്കറ്റിന് തകർക്കുകയായിരുന്നു ഇന്ത്യൻ ടീം. ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

നേപ്പിയറിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിനെ 38 ഓവറിൽ വെറും 157 റൺസിന് ആൾ ഔട്ടാക്കിയ ഇന്ത്യ 34.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. ഓപ്പണർമാരുടേത് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയും നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ചേർന്നാണ് കിവീസിനെ അരിഞ്ഞിട്ടത്. നായകൻ കേൻ വില്യംസണിന്റെ അർദ്ധ സെഞ്ച്വറി (64) മാത്രമാണ് കിവീസ് നിരയിൽ എടുത്തു പറയത്തക്കതായി ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ പുറത്താകാതെ 75 റൺസ് നേടി ഓസീസിലെ ഫോമില്ലായ്മയ്ക്ക് ഉത്തരം കണ്ടെത്തിയപ്പോൾ നായകൻ കൊഹ്‌ലി 45 റൺസ് നേടി.

രോഹിത് ശർമ്മയുടെ (11) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അമ്പാട്ടി റായ്ഡു 13 റൺസുമായി പുറത്താകാതെ നിന്നു. ആറോവറിൽ രണ്ട് മെയ്ഡനടക്കം 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് മാൻ ഒഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേൻ വില്യംസണിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് മുഹമ്മദ് ഷമിയാണ്. രണ്ടാം ഓവറിൽ ഗപ്ടിലിന്റെയും (5), നാലാം ഓവറിൽ മൺറോയെയുടെയും (8) കുറ്റി തെറുപ്പിച്ച ഷമി നൽകി ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ആതിഥേയർക്ക് കഴിഞ്ഞതേയില്ല. രണ്ടാം ഓവറിൽ ക്രീസിലെത്തിയ വില്യംസൺ 34-ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നുവെങ്കിലും പന്തുണ നൽകാൻ ആരുമില്ലാതെ പോയി,

15-ാം ഓവറിൽ ടെയ്‌ലറെയും (24), 14-ാം ഓവറിൽ ലതാമിനെയും (11) സമാന രീതിയിൽ റിട്ടേൺ ക്യാച്ചുകളിലൂടെ യുസ്‌വേന്ദ്ര ചഹൽ പുറത്താക്കിയതോടെ ഇന്ത്യയുടെ നിയന്ത്രണത്തിലായി മത്സരം. 24-ാം ഓവറിൽ ഹെൻട്രി നിക്കോൾസിനെ (12) കേദാർ യാദവ് കുൽദീപിന്റെ കൈയിലെത്തിച്ചതോടെ കിവീസ് 107/5 എന്ന നിലയിലായി. തന്റെ അവസാന സ്പെല്ലിൽ സാന്റ്‌നറെ (14) എൽ.ബിയിൽ കുരുക്കി ഷമി മൂന്നാം വിക്കറ്റും വീഴ്ത്തി.

പിന്നീട് വില്യംസണിനെയും വാലറ്റത്തെയും ചുരുട്ടുന്ന ജോലി കുൽദീപിനായിരുന്നു. 34-ാം ഓവറിൽ വില്യംണണിനെ വിജയ് ശങ്കറുടെ കൈയിലെത്തിച്ച കുൽദീപ് 11 റൺസിനിടെ മൂന്ന് കിവി വിക്കറ്റുകൾ കൂടി കടപുഴക്കി. ബ്രേസ്‌വെൽ (7), ഫെർഗൂസൺ (0), ബൗൾട്ട് (1) എന്നിവരായിരുന്നു കുൽദീപിന്റെ മറ്റ് ഇരകൾ. ബൗൾട്ടിനെ വിക്കറ്റ് കീപ്പർ ധോണിയുടെ നിർദ്ദേശാനുസരണം ഗൂഗ്ളിയെറിഞ്ഞാണ് കുൽദീപ് രോഹിതിന്റെ കൈയിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതിനെ 10-16 ഓവറിൽ നഷ്ടമായെങ്കിലും ധവാനും കൊഹ്‌ലിയും ചേർന്ന് സൂക്ഷിച്ച 91 റൺസിന്റെ കൂട്ടുകെട്ട് വിജയത്തിന് അടിത്തറയിട്ടു.

സ്കോർ ബോർഡ്

ന്യൂസിലൻഡ് ബാറ്റിംഗ് : ഗാപ്ടിൽ ബിഷമി 5, മൺറോ ബിഷമി 8, കേൻ വില്യംസൺ സി വിജയ് ശങ്കർ ബി കുൽദീപ് യാദവ് 64, ടെയ‌്‌ലർ സി ആൻഡ് സി ചഹൽ 24, ടോം ലതാം സി ആൻഡ് ബി ചഹൽ 11, നിക്കോൾസ് സി കുൽദീപ് ബി കേദാർ 12, സാന്റ്‌നർ എൽ.ബി. ബി ഷമി 14, ബ്രേസ്‌വെൽ ബി കുൽദീപ് 7, സൗത്തീ നോട്ടൗട്ട് 9, ഫെർഗൂസൺ സ്റ്റംപ്ഡ് ധോണി സി കുൽദീപ് 0, ബൗൾട്ട് സി രോഹിത് ബി കുൽദീപ് 1, എക്സ്‌‌‌ട്രാസ് 2, ആകെ 38 ഓവറിൽ 157 ആൾ ഔട്ട്. വിക്കറ്റ് വീഴ്ച 1-5 (ഗപ്ടിൽ), 2-18 (മൺറോ), 3-52 (ടെയ്‌ലർ), 4-76 (ലതാം), 5-107 (നിക്കോൾസ്), 6-133 (സാന്റ്നർ), 7-146 (വില്യംസൺ), 8-146 (ബ്രേസ്‌വെൽ)​, 9-148 (ഫെർഗ്യൂസൺ), 10-157 (ബൗൾട്ട്).

ബൗളിംഗ് : ഭുവനേശ്വർ 5-0-20-0, ഷമി 6-2-19-3, വിജയ് ശങ്കർ 4-0-19-0, ചഹൽ 10-0-43-2, കുൽദീപ് 10-1-39-4, കേദാർ 3-0-17-10.

ഇന്ത്യ ബാറ്റിംഗ് : രോഹിത് സി ഗപ്ടിൽ ബി ബ്രേസ്‌വെൽ 11, ധവാൻ നോട്ടൗട്ട് 75, കൊഹ്‌ലി സി ലതാം ബി ഫെർഗൂസൺ 45, അമ്പാട്ടി നോട്ടൗട്ട് 13, എക്സ്ട്രാസ് 12, ആകെ 34.5 ഓവറിൽ 156/2