# സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ പുറത്ത്
# സെറീനയെ കീഴടക്കിയത് പ്ളിസ്കോവ, സെമിയിൽ ഒസാക്ക Vs പ്ളിസ്കോവ
# നിഷ്കോറി പിൻമാറി, നൊവാക്ക് സെമിയിൽ
മെൽബൺ : 24-ാം ഗ്രാൻസ്ളാം കിരീടമെന്ന സെറീനയുടെ സ്വപ്നം സ്വർണമാകാൻ ഇനിയും കാത്തിരിക്കണം. പ്രസവത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി. മാർഗരറ്റ് കോർട്ടിന്റെ ഗ്രാൻസ്ളാം കിരീട നേട്ടങ്ങൾക്ക് ഒപ്പമെത്താൻ കുതിച്ച അമേരിക്കൻ വനിതാ യാഗാശ്വത്തെ ഇന്നലെ ക്വാർട്ടർ ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന പ്ളിസ്കോവയാണ് പിടിച്ചു കെട്ടിയത്. സ്കോർ 6-4, 4-6, 7-5.
പ്രീക്വാർട്ടറിൽ നിലവിലെ ഒന്നാം റാങ്കുകാരിയായ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചെത്തിയ മുൻ ഒന്നാം റാങ്കുകാരിയും ഇപ്പോൾ 16-ാം സീഡുമായ സെറീന ഇന്നലെ മെൽബണിലെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കനത്ത ചൂടിൽ ഉരുകി വീഴുകയായിരുന്നു. ആദ്യ സെറ്റ് കൈവിട്ട സെറീന അതേ നാണയത്തിൽ തിരിച്ചടിച്ച് രണ്ടാം സെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ മൂന്നാം സെറ്റിൽ പ്ളിസ്കോവയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയശേഷം തുടർ പിഴവുകളിലൂടെ തോൽവി സമ്മതിക്കുകയായിരുന്നു. മൂന്നാം സെറ്റിൽ 5-1 ന് ലീഡ് ചെയ്തിരുന്ന സെറീന മാച്ച് പോയിന്റിന് വേണ്ടി സെർവ് ചെയ്യുമ്പോഴാണ് പൊരുതിക്കയറിയ പ്ളിസ് കോവ തുടർച്ചയായി നാല് ഗെയിം പോയിന്റുകൾ തുടർച്ചയായി നേടി മത്സരം തന്റെ പേരിലേക്ക് മാറ്റിയെഴുതി. 2017 ലെ ഫ്രഞ്ച് ഓപ്പണിന്റെയും യു.എസ്. ഓപ്പണിന്റെയും സെമിയിൽ കളിച്ചിട്ടുള്ള താരമാണ് പ്ളിസ്കോവ.
സെമി ഫൈനലിൽ നാലാം സീഡ് ജാപ്പനീസ് താരം നവോമി ഒസാക്കയാണ് ഏഴാം സീഡായ പ്ളിസ്കോവയുടെ എതിരാളി. ക്വാർട്ടറിൽ ആറാം സീഡ് എകാതറിന സ്വിറ്റോളിനയെ 6-4, 6-1 ന് തോൽപ്പിച്ചാണ് വനിതാ ടെന്നിസിലെ പുത്തൻ താരോദയമായ ഒസാക്ക സെമിയിലേക്ക് ചുവടുവച്ചത്. ഒരുമണിക്കൂർ 12 മിനിട്ടു കൊണ്ടാണ് ഒസാക്ക സ്വിറ്റോളിനയെ മറികടന്നത്.
പുരുഷ സിംഗിൾസിൽ നിലവിലെ ഒന്നാം റാങ്കുകാരൻ നൊവാക്ക് ജോക്കോവിച്ച് സെമിയിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ എട്ടാം സീഡ് ജാപ്പനീസ് താരം കെയ് നിഷികോരി പരിക്കേറ്റ് പിൻമാറിയത് നൊവാക്കിന് സെമി പ്രവേശം എളുപ്പമാക്കി. 6-1, 4-1 ന് നൊവാക്ക് മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു നിഷിക്കോറിയുടെ പിൻമാറ്റം.
16-ാം സീഡ് മിലാസ് റാവോണിച്ചിനെ ക്വാർട്ടറിൽ അട്ടിമറിച്ചെത്തിയ ലൂക്കാസ് പൗളെയാണ് സെമിയിൽ നൊവാക്കിന്റെ എതിരാളി. 7-6, 6-3, 6-7, 6-4 എന്ന സ്കോറിന് മൂന്ന് മണിക്കൂർ രണ്ട് മിനിട്ടുകൊണ്ടാണ് പൗളെ വിജയം കണ്ടത്.
സെമി ഇന്ന്
ആസ്ട്രേലിയൻ ഓപ്പൺ പുരുഷ - വനിതാ സെമി ഫൈനലുകൾ ഇന്ന് നടക്കും.
വനിതാ വിഭാഗത്തിലെ ആദ്യ സെമിയിൽ പെട്ര ക്വിറ്റോവ കോളിൻസിനെ നേരിടും.
രണ്ടാം സെമിയിൽ കരോളിന പ്ളിസ്കോവ നവോമി ഒസാക്കയെ നേരിടും.
പുരുഷ വിഭാഗം ആദ്യ സെമിയിൽ ഫെഡററെ അട്ടിമറിച്ച സിറ്റ്സിഫാസ് നദാലിനെ നേരിടും.