സമരം പൊളിക്കാനുള്ള നാടകമെന്ന് എംപാനൽ കൂട്ടായ്‌മ
തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം മൂന്നു ദിവസം പിന്നിടുന്നതിനിടെ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ എംപാനൽ കണ്ടക്ടർമാരുടെ ലിസ്റ്റ് തയാറാക്കാൻ കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി.
ഓരോ യൂണിറ്റിലെയും പത്തുവർഷമോ അതിലധികമോ സർവീസുള്ളവരുടെ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സി ദക്ഷിണ, മദ്ധ്യ, ഉത്തരമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ചൊവ്വാഴ്ച്ചയാണ് ഉത്തരവിറക്കിയത്. സർവീസ് കാലയളവിൽ യാതൊരു അച്ചടക്ക നടപടിക്കും വിധേയമാകാത്തവരുടെ പട്ടികയാണ് ലഭ്യമാക്കേണ്ടത്.
എന്നാൽ ഉത്തരവ് മാനേജ്‌മെന്റിന്റെ നാടകമാണെന്നാണ് എംപാനൽ കൂട്ടായ്മയുടെ ആരോപണം. ഭിന്നതയുണ്ടാക്കി സമരം പൊളിക്കാനുള്ള ഗൂഢതന്ത്രമാണിത്. ഡിസംബറിൽ ലോംഗ് മാർച്ച് നടത്തിയപ്പോഴും കെ.എസ്.ആർ.ടി.സി സമാന ഉത്തരവിറക്കിയിരുന്നെന്നും തുടർനടപടി ഉണ്ടായില്ലെന്നും നേതാക്കൾ പറയുന്നു. ചൊവ്വാഴ്ച്ച ഉത്തരവിറങ്ങിയതിനു പിന്നാലെ പത്തുവർഷം പൂർത്തിയാക്കിയ കുറച്ചു പേർ സമരം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. നാടകമാണെന്ന് ബോധ്യപ്പെട്ട അവർ സമരപ്പന്തലിൽ തിരിച്ചെത്തിയെന്നും നേതാക്കൾ പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ പിന്നോട്ട് പോകേണ്ടതില്ലെന്ന ശക്തമായ നിലപാടിലാണ് സമരസമിതി.
ഇന്നലെ ശശി തരൂർ എം.പി, കെ.എസ് ശബരീനാഥൻ എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സമരപ്പന്തലിലെത്തി.