കൃഷ്ണഗിരി : രഞ്ജി ട്രോഫിയിൽ കന്നി ഫൈനൽ കളിക്കാനുള്ള കൊതിയോടെ കേരളം ഇന്ന് കരുത്തരായ വിദർഭയ്ക്കെതിരെ വയനാട്ടിലെ കൃഷ്ണഗിരിയിൽ സെമിഫൈനലിനിറങ്ങുന്നു. ചരിത്രത്തിലാദ്യമായി സെമിഫൈനൽ പ്രവേശനത്തിന് വേദിയായ കൃഷ്ണഗിരിയെന്ന ഭാഗ്യഗ്രൗണ്ടിൽ മറ്റൊരു മാജിക്കിനൊരുങ്ങുകയാണ് കേരള നായകൻ സച്ചിൻ ബേബിയും പരിശീലകൻ ഡേവ് വാറ്റ് മോറും
ഗുജറാത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ മൂന്നുദിവസം കൊണ്ട് വിജയം നൽകിയ കൃഷ്ണഗിരിയിലെ പിച്ചിൽ പേസർമാരായ സന്ദീപ് വാര്യർ, ബേസിൽ തമ്പി, നിതീഷ് എന്നിവരിലൂടെ മറ്റൊരു വിജയമാണ് കേരളം കൊതിക്കുന്നത്. എന്നാൽ ഗുജറാത്തിനെപ്പോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവരല്ല വിദർഭക്കാർ. ഏത് പിച്ചുകളിലും ക്ഷമയോടെ കളിച്ച് തഴക്കവും പഴക്കവുമുള്ള മുൻ ഇന്ത്യൻ താരവും രഞ്ജിയിലെ വെറ്ററനുമായ വസീം ജാഫറെപ്പോലുള്ള പ്രതിഭകൾ വിദർഭ ടീമിലുണ്ട്.
വിദർഭയ്ക്കെതിരെ ഇറങ്ങുമ്പോൾ കേരളത്തിന് വീട്ടാനൊരു കണക്കുകൂടിയുണ്ട്. കഴിഞ്ഞവർഷം ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തിയ കേരളത്തെ അവിടെ തകർത്തത് വിദർഭയാണ്. ആ പോക്കിൽ അവർ രഞ്ജി കിരീടവും നേടി.
കേരളത്തിന്റെ കരുത്തും ദൗർബല്യവും
. മികച്ച പേസ് ബൗളിംഗാണ് കേരളത്തിന്റെ ശക്തി. സന്ദീപ് വാര്യർ, ബേസിൽ തമ്പി, എം.ഡി. നിതീഷ് എന്നിവർ മികച്ച ഫോമിലാണ്. കൃഷ്ണഗിരിയിലെ പിച്ച് പേസ് ബൗളിംഗിനെ അതിരറ്റ് പിന്തുണയ്ക്കുന്നുവെന്ന് ക്വാർട്ടറിൽ തെളിഞ്ഞതാണ്.
. ജലജ് സക്‌സേനയെന്ന ആൾ റൗണ്ടറുടെ സാന്നിദ്ധ്യം. കഴിഞ്ഞ മത്സരത്തോടെ ജലജ് പരിക്കിൽനിന്ന് മുക്തനായിക്കഴിഞ്ഞു.
. ടീം സ്പിരിറ്റാണ് കേരളത്തിന്റെ ശക്തി സ്രോതസ്. സച്ചിൻബേബി, രാഹുൽ, അസ്‌ഹറുദ്ദീൻ , ജലജ്, വിഷ്ണുവിനോദ് തുടങ്ങിയവരാണ് ബാറ്റിംഗിലെ പ്രതീക്ഷകൾ.
. സഞ്ജു സാംസണിന് കഴിഞ്ഞ കളിയിൽ പരിക്കേറ്റതാണ് ഏറ്റവും വലിയ തിരിച്ചടിക്ക്. കൈക്ക് പരിക്കേറ്റ സഞ്ജു പൂർണമായി ഫിറ്റായില്ലെങ്കിൽ അരുൺ കാർത്തിക്കിനെ കളിപ്പിച്ചേക്കും.
വിദർഭയെന്ന വെല്ലുവിളി
. ബാറ്റിംഗിലും ബൗളിംഗിലും മികച്ച ഇന്റർനാഷണൽ താരങ്ങളടങ്ങിയതാണ് വിദർഭ ടീം.
. ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉമേഷ് യാദവാണ് പേസ് നിരയിലെ സൂപ്പർ സ്റ്റാർ. കൃഷ്ണഗിരിയിൽ ഉമേഷിനെ നേരിടുക കേരളത്തിന് വലിയ വെല്ലുവിളി ആയിരിക്കും.
. ബാറ്റിംഗിൽ വസീം ജാഫറും ഫൈസ് ഫസലും സഞ്ജയ് രാമസ്വാമിയും അനുഭവസമ്പത്ത് ഏറെയുള്ളവർ.
. ആദിത്യ സർവാതെയാണ് വിദർഭ നിരയിലെ മികച്ച ആൾ റൗണ്ടർ.
''പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിയും.
സച്ചിൻ ബേബി
കേരള ക്യാപ്ടൻ.
ടീമുകൾ ഇവരിൽനിന്ന്
കേരളം : പി. രാഹുൽ, സച്ചിൻ ബേബി (ക്യാപ്ടൻ), വിനൂപ് മനോഹരൻ, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീൻ, ജലജ് സക്‌സേന, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, എം.ഡി. നിതീഷ് , സന്ദീപ് വാര്യർ, അക്ഷയ് ചന്ദ്രൻ, അരുൺ കാർത്തിക്, രോഹൻ പ്രേം, വി.എ. ജഗദീഷ്.
വിദർഭ : ഫൈസ് ഫസൽ (ക്യാപ്ടൻ), വാസിം ജാഫർ, സഞ്ജയ് രാമസ്വാമി, ഗണേഷ് സതീഷ്, അക്ഷയ് വാഡ്‌കർ, അക്ഷയ് വാഖരെ, ഉമേഷ് യാദവ്, രജനീഷ് ഗുർബാനി, ആദിത്യ സർവാതെ, മോഹിത് കാലെ, സുനികേത് ബിംഗേവാർ, അഥർവ്വ തയ്‌ദേ, അപൂർവ് വാങ്കഡെ, ആദിത്യ താക്കറേ, സിദ്ദേശ് വാത്ത്.