പാറശാല: ആർ.സി.ബുക്ക് കൈവശം സൂക്ഷിക്കാത്തതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട വാഹന ഉടമയെ വെഹിക്കിൾ ഇൻസ്‌പെക്ടർ വീട്ടിൽ കയറി മർദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ അമരവിള മോതിരപ്പള്ളി വീട്ടിൽ സന്തോഷ് (45) നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ന് അമരവിള ചെക്പോസ്റ്റിൽ വാഹന പരിശാധനക്കിടെ ആർ.സി.ബുക്കും മറ്റു രേഖകളും ഇല്ലാതെ എത്തിയ ബൈക്ക് ഉടമ സന്തോഷിനോട് വാഹനം മാറ്റിവയ്ക്കാൻ പറഞ്ഞു. സന്തോഷ് ഉടൻ തന്നെ അടുത്തുള്ള വീട്ടിലെത്തി രേഖകളുമായി തിരികെ എത്തിയെങ്കിലും 500 രൂപ പിഴ അടക്കണമെന്ന് വാഹന പരിശോധന നടത്തിയ വെഹിക്കിൾ ഇൻസ്പെക്ടറും സ്‌പെഷ്യൽ സ്‌ക്വാഡിലെ അംഗവുമായ സുധീഷ് ഗോപി ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ എല്ലാം ഹാജരാക്കിയതിനാൽ പിഴ അടക്കേണ്ടതില്ലല്ലോ എന്ന് സന്തോഷ് ആവശ്യപ്പെട്ടെങ്കിലും വെഹിക്കിൾ ഇൻസ്‌പെക്ടർ വഴങ്ങിയില്ല. തുടർന്ന് സന്തോഷ് വാഹനവുമായി പോയി. സന്തോഷിനെ പിന്തുടർന്ന വെഹിക്കിൾ ഇൻസ്പെക്ടറും അമരവിള സി.എസ്.ഐ.ചർച്ചിന് സമീപമുള്ള വീട്ടിലെത്തിയ സന്തോഷും തമ്മിൽ പരസ്പരം പിടിവലിയും കയ്യാങ്കളിയും നടന്നതായി നാട്ടുകാർ പറയുന്നു. പരിക്കേറ്റ സന്തോഷ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തന്നെ സന്തോഷ് ആക്രമിച്ചെന്നാരോപിച്ച് വെഹിക്കിൾ ഇൻസ്പെക്ടർ പാറശാല പൊലീസിന് പരാതി നൽകി.