നെയ്യാറ്റിൻകര: കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കാളിപ്പാറ പദ്ധതി ആരംഭിച്ചെങ്കിലും ശുദ്ധജലവിതരണം മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പൂർണമായി മുടങ്ങിയ ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചത് ഇന്നലെ രാവിലെയാണ്. അപ്രതീക്ഷിതമായി ജലവിതരണം മുടങ്ങിയതോടെ കാളിപ്പാറ ശുദ്ധജലപദ്ധതിയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ജനജീവിതം സ്തംഭനാവസ്ഥയിലെത്തി. മുൻകരുതൽ സ്വീകരിക്കാൻ കഴിയാത്തതിനാൽ നഗരവാസികൾ വെള്ളത്തിനായി നെട്ടോട്ടമോടി. അത്യാവശ്യ കാര്യങ്ങൾക്കായി പ്രദേശവാസികൾ അകലെയുള്ള ബന്ധുവീടുകളിൽ നിന്നാണ് വെള്ളമെത്തിച്ചത്.
കാളിപ്പാറയിൽ നിന്നും വരുന്ന കൂറ്റൻ വിതരണക്കുഴൽ പൊട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണമായി ജല അതോറിറ്റി പറയുന്നത്. കാളിപ്പാറ പദ്ധതി പ്രവർത്തനം തുടങ്ങിയത് മുതൽ വിതരണക്കുഴലിന്റെ പൊട്ടൽ തുടർക്കഥയാണ്. പൊട്ടിയ ഭാഗത്തെ ചോർച്ച തടയാൻ റോഡ് വെട്ടിപ്പൊളിക്കൽ കാരണം ഗതാഗതവും താറുമാറായി. പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി അവിടവിടെ കുഴിയെടുത്തും, പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞും ടാർ പൊളിഞ്ഞ് നിറയെ ചാലുകളും, കുഴികളും വീണും കാട്ടാക്കട- നെയ്യാറ്റിൻകര റോഡ് തകർന്നിരുന്നു.
1995-ലാണ് കാളിപ്പാറ പദ്ധതി തുടങ്ങിയത്. നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തും സമീപപഞ്ചായത്തുകളായ ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, വെള്ളറട, മലയിൻകീഴ്, മാറനല്ലൂർ, വിളവൂർക്കൽ, കാട്ടാക്കട, കുളത്തൂർ, കാരോട്, പാറശാല, ചെങ്കൽ, തിരുപുറം, കാഞ്ഞിരംകുളം, പൂവാർ, കരുംകുളം എന്നിവിടങ്ങളിലും കുടിവെള്ളമെത്തിക്കാനാണ് കാളിപ്പാറ പദ്ധതി തുടങ്ങിയത്. നെയ്യാറ്റിൻകര ടൗണിലേക്ക് കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാനുള്ള സതേൺ റെയിൽവേയുടേയും കേന്ദ്രപരിസ്ഥിതി സംരക്ഷണ വകുപ്പിന്റേയും അനുമതി ലഭിക്കാതെ 2004ൽ പണികൾ തുടങ്ങി. യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് നിർമ്മാണം നടത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു