bjp

കൊല്ലം: തെളിവെടുപ്പിന് കോടതി കസ്‌റ്റഡിയിൽ വിട്ട ബി.ജെ.പി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്‌തു. മർദ്ദനത്തിന്റെ പാടുകൾ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമാണ് പരാതി നൽകിയത്.

ജനുവരി 2ന് ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിലാണ് കൊട്ടിയം സി.ഐ, എസ്.ഐ, എ.എസ്.ഐ എന്നിവർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ചതിനും മാരകമായി പരിക്കേൽപ്പിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കോടതിയിൽ കീഴടങ്ങിയ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടപ്പോഴാണ് മർദ്ദനമുണ്ടായതെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് പത്തുപേരെയും പൊലീസിനെ ആക്രമിച്ചതിന് 15 പേരെയും അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. മർദ്ദനമേറ്റ നാലുപേരും ഇതിൽ ഉൾപ്പെട്ടവരാണ്.

പൊലീസിനെ ആക്രമിച്ച കേസിൽ ഇനി നാലുപേരെ കൂടി അറസ്‌റ്ര് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മുഖം തോർത്തുകൊണ്ടു മറച്ച് പൊലീസിനെ നേരിട്ടവരെ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിൽ ഒരു സർക്കാർ ജീവനക്കാരനുമുണ്ടെന്ന് ആദ്യം പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പിന്നീട് അറിയിച്ചു. ഗൗരവമേറിയ വകുപ്പുകൾ പ്രകാരമെടുത്തിട്ടുള്ള കേസുകളിൽ വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്‌റ്റ് ഉണ്ടാകൂവെന്ന് ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്ദ് പറഞ്ഞു. നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രകാരം തിരിച്ചറിഞ്ഞവരെയാണ് ഇതുവരെ അറസ്‌റ്ര് ചെയ്‌തത്. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പായതെന്നും എ.സി.പി പറഞ്ഞു.