പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ രണ്ട് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്. പേരാമ്പ്ര പള്ളിക്കുനി നാരായണൻ മാസ്റ്റർ, കവുങ്ങുള്ള ചാലിൽ വിജേഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാരായണൻ മാസ്റ്റരുടെ വീടിന് നേരെ ബോംബെറിഞ്ഞത്.
വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലർച്ചെ മൂന്നേ കാൽ മണിയോടെയാണ് വിജേഷിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് വിജേഷിന്റെ വീടിന് നേരെ എറിഞ്ഞത്. നിർമ്മാണത്തിലിരിക്കുന്ന വീടാണിത്. സ്ഫോടനത്തിൽ പരിസരത്തെ വീടുകൾപോലും കുലുങ്ങിയിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ പരിസരത്ത് ചിതറി കിടപ്പുണ്ട്. പെരുവണ്ണാമുഴി പൊലീസ് പ്രദേശത്ത് ശക്തമായ കാവൽ ഏർപ്പെടുത്തി.