തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി കഷ്ടിച്ച് നാലാഴ്ച. ഭക്തലക്ഷങ്ങൾ എത്തുന്ന ആറ്റുകാലിലും പരിസരത്തും റോഡ്, ഓട അറ്റകുറ്റപ്പണി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട സമയമാണിപ്പോൾ. പക്ഷേ, അതിനുവേണ്ടിയുള്ള കാര്യമായ പരിശ്രമമൊന്നും ആറ്റുകാലിലോ ചുറ്റുവട്ടത്തുള്ള വാർഡുകളിലോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുൻവർഷങ്ങളിലേതുപോലെ അവസാന നിമിഷത്തെ തട്ടിക്കൂട്ടിന് കാക്കുകയാണെന്ന് തോന്നും പണികളുടെ പോക്കുകണ്ടാൽ. അതാകുമ്പോൾ ഗുണനിലവാരം ആരും പരിശോധിക്കില്ല. എങ്ങനെയും പണി തീർത്താൽ മതിയെന്ന തത്രപ്പാടിൽ മിനുക്കിൽ മാത്രമൊതുങ്ങും. പൊങ്കാല കഴിയുന്നതോടെ അതെല്ലാം വീണ്ടും പഴയപടി.
അറ്റകുറ്റപ്പണികൾക്ക് വാർഡൊന്നിന് 5 ലക്ഷം രൂപാവീതം നഗരസഭ അനുവദിച്ചെങ്കിലും പണികൾക്കൊന്നും പ്രതീക്ഷിച്ച മുന്നേറ്റമില്ല. നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കാലാവസ്ഥയുൾപ്പെടെ അനുകൂലമായിട്ടും യാതൊന്നും ചെയ്യാതെ കണ്ണുംപൂട്ടിയിരിക്കുകയാണ് അധികൃതർ.
പൊങ്കാല അടുത്തെത്താറായിരിക്കെ, ആറ്റുകാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന വാർഡുകളിലെ സ്ഥിതിയെക്കുറിച്ച് 'ഫ്ളാഷ്' അന്വേഷണം..
ചാല മാലിന്യമയം
ചാല വാർഡിൽ മാലിന്യമാണ് മുഖ്യപ്രശ്നം. പൊങ്കാല അടുപ്പുകൾ നിരക്കുന്ന നിരത്തുവക്കുകളും പൊതു സ്ഥലങ്ങളും എന്നുവേണ്ട എവിടെ തിരിഞ്ഞാലും ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂനകൾ. അട്ടക്കുളങ്ങര ബൈപാസിൽ എരുമക്കുഴിയിൽ മാലിന്യം മലയോളം കൂടികിടക്കുന്നു. എസ്.കെ.പി ജംഗ്ഷൻ -കരുപ്പെട്ടിക്കട റോഡിൽ കുര്യാത്തി സ്വീവേജ് ഓഫീസിന്റെ പിന്നിലും മാലിന്യം റോഡിലേക്ക് വ്യാപിച്ചു. ഈച്ചയും പുഴുവും നുരയ്ക്കുന്ന ഇവിടെ വഴിയാത്രക്കാർക്ക് മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്.
കരുപ്പെട്ടിക്കട റോഡിന് സമാന്തരമായ ഓട മാലിന്യവും പാഴ്ച്ചെടികളുംകൊണ്ട് മൂടി
കുര്യാത്തി റോഡിൽ ഓടയിൽ നിന്ന് കോരിയ മാലിന്യം റോഡിൽ
അട്ടക്കുളങ്ങര - ഈഞ്ചയ്ക്കൽ റോഡും ഡിവൈഡറും തകർന്നു
യമുനാ നഗറിലേക്കുള്ള റോഡ് കുളംതോണ്ടിയതുപോലെ
കരിമഠത്ത് വാട്ടർ അതോറിട്ടി റോഡ് കുളംകോരിയ സ്ഥിതിയിൽ.
''മാലിന്യമാണ് വാർഡിലെ മുഖ്യപ്രശ്നം. ഓടകളും വൃത്തിയാക്കിയിട്ടില്ല. മാലിന്യം സംസ്കരിക്കാൻ കൗൺസിലർമാർ സ്ഥലം കണ്ടെത്തിക്കൊടുക്കാനാണ് നഗരസഭ ആവശ്യപ്പെടുന്നത്. പൊങ്കാലയ്ക്ക് മുന്നോടിയായി ചാലയിലെ ഓടകളും റോഡും വൃത്തിയാക്കണം.
എസ്.കെ.പി രമേശ്, കൗൺസിലർ, ചാല.
ഫോർട്ടിൽ പൊളിച്ച റോഡ് അതേപടി
സ്വദേശ് ദർശൻ പരിപാടിയുടെ ഭാഗമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പരിസരവും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സമീപത്തെ റോഡുകളും ഗതാഗത യോഗ്യമാക്കിയതിനാൽ ഫോർട്ട് വാർഡിലെ റോഡുകൾ ഏറെക്കുറെ ഗതാഗത യോഗ്യമാണ്. ഫോർട്ട് സോണൽ ഓഫീസ് പരിസരത്തുൾപ്പെടെ പടിഞ്ഞാറേ നട, അഴീക്കോട്ട, തെക്കേക്കോട്ട, വാഴപ്പള്ളി തുടങ്ങി വാർഡിലെ മിക്ക ഭാഗങ്ങളിലും മാലിന്യം കുന്നുകൂടുന്ന സാഹചര്യമുണ്ട്. ഫോർട്ട് സോണലിന് മുന്നിൽ നിന്ന് അഴീക്കോട്ടവഴി തെക്കേക്കോട്ടയിലേക്കുള്ള റോഡ് രണ്ട് വർഷം മുമ്പ് ഡ്രെയിനേജ് ലൈനിന്റെ പൈപ്പുകൾ മാറ്റിസ്ഥാപിക്കാനായി പൊളിച്ചതാണ്. കഴിഞ്ഞ പെങ്കാല സീസണിലും തകർന്ന് കിടക്കുകയായിരുന്ന റോഡിന് ഇപ്പോഴും അതേഗതിതന്നെ.
വാഴപ്പള്ളി ശ്രീ സായിറാം ലോഡ്ജിന് സമീപം കോൺക്രീറ്റ് റോഡ് വൻകുഴി രൂപപ്പെട്ട നിലയിൽ
കല്ലമ്പള്ളി സ്ട്രീറ്റിലെ ഓടകൾ വൃത്തിയാക്കിയിട്ടില്ല.
''പൊങ്കാലയ്ക്ക് മുന്നോടിയായി റോഡുകളും ഓടകളും വൃത്തിയാക്കി ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയറും മന്ത്രി കടകംപള്ളി സുരേന്ദ്രനും സർക്കാർ തലത്തിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷ '.
ആർ.സുരേഷ്, കൗൺസിലർ, ഫോർട്ട്