ഇന്ന് നയപ്രഖ്യാപനം
31ന് ബഡ്ജറ്റ്
തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാവിലെ 9ന് ഗവർണർ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. തുടർന്ന് മൂന്ന് ദിവസം നന്ദിപ്രമേയ ചർച്ചയാണ്. 31നാണ് ബഡ്ജറ്റ്. ബഡ്ജറ്റ് പൊതു ചർച്ച മൂന്ന് ദിവസമുണ്ടാകും. ഉപധനാഭ്യർത്ഥനയോടെ ഫെബ്രുവരി 7ന് സമ്മേളനം സമാപിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൊത്തം ഒൻപത് ദിവസമാണ് സഭ ചേരുന്നത്. ഇന്ന് കാര്യോപദേശക സമിതി ചേർന്ന് ഇതിൽ മാറ്റം വേണമെങ്കിൽ തീരുമാനിക്കും. 29ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തുന്നതിനാൽ സഭയ്ക്ക് അന്ന് അവധി വേണമെന്ന് പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടേക്കും.
പൂർണ ബഡ്ജറ്റ് പാസാക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നതിനാൽ അതുപേക്ഷിച്ചു. പകരം വോട്ട് ഒാൺ അക്കൗണ്ട് പാസാക്കി പിരിയും. മേയിൽ സഭ ചേർന്ന് ബഡ്ജറ്റ് പാസാക്കും.
സഭാ ഹാളും മ്യൂസിയവും കാണാം
ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സമാപനം നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് നിയമസഭാ ഹാളും മ്യൂസിയവും പൊതുജനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം തുറന്ന് കൊടുക്കും.
നാഷണൽ യൂത്ത് പാർലമെന്റ് ഫെബ്രുവരി 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് ചേരും. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ലോക കേരളസഭയുടെ മദ്ധ്യേഷ്യൻ സമ്മേളനം ഫെബ്രുവരി 15,16 തീയതികളിൽ യു.എ.ഇ.യിൽ നടക്കും. അടുത്ത പൊതുസഭ തിരുവനന്തപുരത്താണ് ചേരുക. ഈ സമ്മേളനം പ്രളയദുരിതം കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന നിർദ്ദേശമില്ല. സമ്മേളനം നടത്തുന്നത് സംഭാവനകൾ സമാഹരിച്ചാണ്. സർക്കാർ പണം ഉപയോഗിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.