തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കാൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. അദ്ധ്യാപകരെ പ്രൊഫഷണലുകളാക്കണമെന്നും അതിനായി അദ്ധ്യാപക യോഗ്യത ഉയർത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ.
പൊതുവിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ സംയോജിപ്പിക്കാനാണ് ഡോ. എം.എ. ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതി ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മറ്റ് പ്രധാന ശുപാർശകൾ
പ്രൈമറി തലത്തിലുള്ള (ഒന്നു മുതൽ ഏഴു വരെ) അദ്ധ്യാപകർക്ക് ബിരുദം അടിസ്ഥാന യോഗ്യതയാക്കണം. കൂടാതെ, ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും ആവശ്യം
സെക്കൻഡറി തലത്തിൽ ബിരുദാന്തര ബിരുത്തിനൊപ്പം ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും വേണം
പ്രീ-സ്കൂളിന് എൻ.സി.ടി.ഇ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അദ്ധ്യാപക യോഗ്യതയാക്കണം
മൂന്ന് വയസ് മുതൽ സ്കൂൾ പ്രവേശന പ്രായം വരെ കുട്ടികൾക്ക് പ്രീ-സ്കൂളിംഗ് സൗകര്യം ഒരുക്കണം
അംഗീകാരമില്ലാത്ത പ്രീ-സ്കൂൾ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം
പ്രീ-സ്കൂളിംഗ് നയവും നിയമവും രൂപീകരിക്കണം
ജോയിന്റ് ഡയറക്ടറുടെ കീഴിൽ റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസുകൾ വേണം
അടിസ്ഥാന പ്രവർത്തന ഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രം
മുഴുവൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളാക്കണം
സ്കൂൾ മേധാവിയുടെ പേര് പ്രിൻസിപ്പൽ എന്നാക്കണം. പ്രിൻസിപ്പൽ (സെക്കൻഡറി), പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), പ്രിൻസിപ്പൽ (പ്രൈമറി), പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് വിദ്യാഭ്യാസ രംഗത്ത് എഡ്യൂക്കേഷൻ സർവീസായി വികസിപ്പിക്കണം.
അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ശാസ്ത്രീയമായി കായിക, കലാ പരിശീലനം നൽകണം.