തിരുവനന്തപുരം: ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി വില്പന നടത്തിയ ഭൂമിയിൽ കോടതി ഉത്തരവ് മറയാക്കി കരം ഈടാക്കാൻ നടന്ന ഉന്നതോദ്യോഗസ്ഥ നീക്കം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഇടപെടലോടെ പൊളിഞ്ഞു. വകുപ്പു തീരുമാനം മറികടന്ന് ചീഫ് സെക്രട്ടറിയും റവന്യു അഡിഷണൽ ചീഫ്സെക്രട്ടറിയും നിയമ സെക്രട്ടറിയും ചേർന്ന് തയ്യാറാക്കിയ ഫയലാണ് മന്ത്രി തടഞ്ഞുവച്ചത്.
മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കാൻ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുപതു പേജുള്ള ഫയൽ മന്ത്രിയുടെ ഓഫീസിലെത്തിച്ചത്. മുഖ്യമന്ത്രിയുമായി നേരത്തേയുണ്ടാക്കിയ ധാരണ മറികടന്ന്, കരം ഈടാക്കാൻ അനുമതി നൽകാമെന്നായിരുന്നു ഉള്ളടക്കം. മന്ത്രി ഇടപെട്ടതോടെ, ഫയൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എത്തിയില്ല. നിയമവശം വിശദമായി പരിശോധിച്ച ശേഷം മതി ഇക്കാര്യത്തിൽ തീരുമാനമെന്ന് മന്ത്രി ചന്ദ്രശേഖരൻ നിർദ്ദേശിക്കുകയായിരുന്നു. താനറിയാതെ ഇത്തരം ഫയൽ നീക്കിയതിലുള്ള നീരസം മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്.
ഹാരിസണിന്റെ കൈവശമുണ്ടായിരുന്നതും പിന്നീട് വില്പന നടത്തിയതുമായ 38,000 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരായ പരാതിയിൽ,തർക്കം സിവിൽകേസ് വഴി തീർപ്പാക്കാനായിരുന്നു സുപ്രീം കോടതി നിർദ്ദേശം. ഇതനുസരിച്ച് സിവിൽ കേസിലേക്കു നീങ്ങാമെന്നും, നികുതി സ്വീകരിക്കണമെങ്കിൽ കർശന വ്യവസ്ഥകളോടെ മാത്രമാകണമെന്നും റവന്യു വകുപ്പ് തീരുമാനിച്ചു. ഇതിനു വിരുദ്ധമായി ഉന്നതോദ്യോഗസ്ഥർ നടത്തിയ രഹസ്യനീക്കമാണ് വെളിച്ചത്തായത്.