കല്ലമ്പലം : ദേശീയപാതയിൽ കല്ലമ്പലത്ത് വെയിലൂരിന് സമീപം റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിൽ വന്ന കാറിടിച്ച് കൺസ്യൂമർ ഫെഡ് ജീവനക്കാരി മരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ അഡ്വ.സുന്ദരേശന്റെ സഹോദരിയും കല്ലമ്പലം വെട്ടിമൺകോണം പോയ്കവിള വീട്ടിൽ രമേശന്റെ ഭാര്യയുമായ അമ്പിളിയാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വർക്കലയിൽ നിന്നു ബസിൽ വെയിലൂർ ജംഗ്ഷനിൽ ഇറങ്ങിയ അമ്പിളി വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവേ കൊല്ലത്തു നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തുള്ള ഭർത്താവ് രമേശൻ ഇന്ന് എത്തിയശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ഏക മകളായ ആര്യ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. കാർ ഓടിച്ചിരുന്ന മണമ്പൂർ സ്വദേശി അനൂപ് പൊലീസ് കസ്റ്റഡിയിലാണ്.