dr-palpu-

അയിത്തവും അനാചാരങ്ങളും അന്ധകാരം പരത്തിയ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ പ്രകാശം പരത്തിയ കർമ്മ ധീരനായ ഡോ. പല്പുവിന്റെ 69-ാമത് ചരമവാർഷികമാണ് ഇന്ന്. സാമൂഹ്യ ജീർണതയ്ക്കെതിരെ അചഞ്ചലനായി പോരാടിയ അദ്ദേഹം ഭൂജാതനായത് 1863 നവംബർ രണ്ടിനാണ്.

ഡോ. പല്പുവും സഹോദരൻ വേലായുധനും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ടുകൊണ്ടായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പെറ്റമ്മയുടെ കെട്ടുതാലി പണയപ്പെടുത്തിയും സുഹൃത്തുക്കൾ സ്നേഹപൂർവം നൽകിയ സഹായം സ്വരൂപിച്ചും പല്പു മദ്രാസിലേക്ക് വണ്ടി കയറി. മദ്രാസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാങ്ങി പഠനം തുടർന്നു. താമസസൗകര്യവും ഭക്ഷണവും മാത്രമല്ല, ആരോഗ്യവും പോലും വേണ്ടുംവിധം ഇല്ലാതിരുന്നിട്ടും ലക്ഷ്യബോധത്തോടുകൂടി പഠിച്ച് പരീക്ഷ എഴുതി ഒന്നാമനായി പാസായി. സ്വന്തം നാട്ടിൽ ജോലി കിട്ടും എന്ന പ്രതീക്ഷയിൽ തിരിച്ചെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ മദ്രാസിലേക്കു തന്നെ തിരിച്ചുപോയി. അവിടെ സർക്കാർ മെഡിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു.

ഡോ. പല്പു ചിന്താമഗ്നനായി സഞ്ചരിക്കവേ ഒരു ദിവസം മൈസൂർ കൊട്ടാരത്തിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടി. തന്റെ നാട്ടുകാരുടെ വേദനാജനകമായ കാര്യങ്ങൾ പങ്കുവച്ചു. ജനങ്ങൾ ആചരിക്കുന്ന ഒരു ആത്മീയാചാര്യനെ മുൻനിറുത്തി ഒരു സംഘടന രൂപീകരിച്ചാൽ സമൂഹത്തിൽ ചലനം സൃഷ്ടിക്കാനും പുരോഗമനപരമായ മാറ്റങ്ങൾക്ക് വഴിയുണ്ടാക്കാനും സാധിക്കുമെന്ന് സ്വാമിജി ഉപദേശിച്ചു. അതാണ് പിന്നീട് എസ്. എൻ.ഡി.പി യോഗം രൂപീകരണത്തിലെത്തിയത്.

1895 മേയ് 13-ാം തീയതി ഡോ. പല്പു തിരുവിതാംകൂർ സർക്കാരിന് നൽകിയ ഹർജി ഒരു ചരിത്രരേഖയായി നിലകൊള്ളുന്നു.

''ഇന്ത്യയിലെ മഹാന്മാരായ വിപ്ളവകാരികളിൽ അനശ്വരനായ വ്യക്തിയാണ് ഡോ. പല്പു" എന്ന് സരോജിനി നായിഡു പറഞ്ഞിട്ടുണ്ട്.

യൂണിവേഴ്സിറ്റി വിദ്യാഭ്യാസം കൊണ്ട് വികസിച്ച മസ്തിഷ്കവും ആത്മീയതയും ജീവിതാനുഭവങ്ങളും വികസിപ്പിച്ച മനസും സമന്വയിപ്പിച്ച് അദ്ദേഹം കേരളത്തിന്റെ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചു. ഡോ. പല്പുവിന്റെ സൃഷ്ടികളായ മലയാളി മെമ്മോറിയൽ ഹർജിയും, ഈഴവ മെമ്മോറിയൽ ഹർജിയും ഭ്രാന്താലയമായിരുന്ന കേരളത്തിനു കിട്ടിയ അവസരോചിതമായ ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു. പ്ളേഗ് പോലുള്ള പകർച്ചവ്യാധി ബാധിച്ച സമൂഹത്തെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ശുശ്രൂഷിച്ച ശ്രേഷ്ഠനായ ഭിഷഗ്വരനായിരുന്നു അദ്ദേഹം.

ഗുരുദേവ സന്ദേശങ്ങളെ സംഘടനാരൂപത്തിൽ ആവാഹിച്ച് കേരളത്തെ പ്രകാശമാനമാക്കിയ മഹാപ്രതിഭയാണ് ഡോ. പല്പു.