തിരുവനന്തപുരം:പെൺകുട്ടികൾ വീട്ടിൽ പോലും സുരക്ഷിതരല്ലാത്ത അവസ്ഥയ്‌ക്ക് മാറ്റം വരുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ബാലികാ ദിനാചരണ പരിപാടിയുടെ സംസ്ഥാനത ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ ഒരു പരിധിവരെ കർശനമായി തടയാനും കുറ്റവാളികൾക്ക് മതിയായ ശിക്ഷകൾ ഉറപ്പുവരുത്താനും സർക്കാരിനായെന്നും ഇത് തുടരുമെന്നും മന്ത്രി പറഞ്ഞു.
പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. സാമൂഹിക - വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.ഐ.സി.ഡി.എസ്. പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയ്ക്ക് മന്ത്രി നൽകി. പ്രവർത്തന മികവ് പുലർത്തിയ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ എന്നിവർക്കും അവാർഡ് സമ്മാനിച്ചു.നഗരസഭാ മേയർ വി കെ.പ്രശാന്ത്, മലപ്പുറം ജില്ല കളക്ടർ അമിത് മീണ, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ.സരിത, വാർഡ് കൗൺസിലർ ഐഷാ ബേക്കർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം കുട്ടികൾക്ക് അനീമിയ സ്‌ക്രീനിംഗ്, സെമിനാർ, ക്വിസ്, ഉപന്യാസ രചന, പെയിന്റിംഗ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.