കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തുമെന്നുള്ള പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ എടുത്ത തെറ്റായ ഒരു തീരുമാനം, വൈകിയാണെങ്കിലും തിരുത്തുന്നത് നന്നായി. മൂന്ന് സ്ട്രീമിനും സംവരണം ഉറപ്പാക്കുന്നതിലേക്ക് ശക്തമായി സമരം നടത്തിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊക്കെ മൗനം പാലിച്ചപ്പോഴും മുസ്ളിംലീഗ് ശക്തമായി ഏതാനും ദിവസം മുമ്പ് സമരരംഗത്ത് ഇറങ്ങിയത് ഗവൺമെന്റിന്റെ തിരുത്തൽ തീരുമാനത്തിന് പ്രേരകമായി.
കേരളകൗമുദി ഉൾപ്പടെ ഏതാനും മാദ്ധ്യമങ്ങൾ മാത്രമാണ് സംവരണം ഉറപ്പാക്കുന്നതിൽ ശക്തമായ നിലപാടെടുത്തത്. സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷന്റെയും പി.കെ.എസിന്റെയും നിലപാടുകളും സഹായകരമായി. സമരരംഗത്തിറങ്ങിയ മുഴുവൻ ആളുകളെയും അഭിനന്ദിക്കുന്നു.
സർക്കാർ തീരുമാനം ഉത്തരവായി ഇറങ്ങുന്നതുവരെ ജാഗ്രതയോടെ കരുതിയിരിക്കണം. ഗവൺമെന്റിന്റെ ഇപ്പോഴത്തെ തീരുമാനം മുന്നാക്ക ജാതി സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് യാതൊരു മാർദ്ദവവും ഉണ്ടാക്കാൻ ഇടയാകരുത്. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ നീക്കത്തെ ചെറുത്തു തോല്പിക്കുവാൻ എല്ലാ സംവരണ സമുദായങ്ങളും കൂടുതൽ ശക്തിയോടെയും ഐക്യത്തോടെയും മുന്നോട്ടു വരാൻ തയ്യാറാകണം. നിയമപരമായ പോരാട്ടവും ജനാധിപത്യപരമായ രീതിയിൽ ശക്തമായ പ്രക്ഷോഭവും ആവശ്യമാണ്.
വി.ആർ. ജോഷി
മുൻ ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്