ramesh

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിക്കായി, പാവപ്പെട്ടവർക്കായി യു.ഡി.എഫ് കൊണ്ടുവന്ന കാരുണ്യ പദ്ധതി സർക്കാർ നിറുത്തലാക്കിയെന്നും കാരുണ്യ ഭാഗ്യക്കുറി വരുമാനം സർക്കാർ അടിച്ചുമാറ്റുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ ഇൻഷ്വറൻസ് പദ്ധതിക്ക് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി എന്ന് പേരിട്ട് ജനങ്ങളെ കബളിപ്പിക്കുകയാണ്.മാരകരോഗങ്ങൾ ബാധിച്ചവർക്ക്, ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുംമുൻപ് അപേക്ഷിച്ചാൽ പണം ലഭിക്കുമായിരുന്ന കാരുണ്യ പദ്ധതി, ലോട്ടറിയിൽ നിന്നുള്ള വരുമാനമുപയോഗിച്ചാണ് നടപ്പാക്കിയിരുന്നത്. പദ്ധതി നിറുത്തിയെങ്കിലും കാരുണ്യ ലോട്ടറി ഇതുവരെ നിറുത്തിയിട്ടില്ല

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൈത്താങ്ങായിരുന്ന പദ്ധതിയാണിത്. കാരുണ്യയ്ക്ക് പകരമുള്ള ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയിൽ എല്ലാവർക്കും ധനസഹായം കിട്ടില്ല. ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നവർക്കു മാത്രമേ സഹായം കിട്ടൂ. ഇൻഷ്വറൻസ് പുതുക്കിയില്ലെങ്കിൽ ധനസഹായമില്ല. ആദിവാസികളും തൊഴിലാളികളും കൃത്യമായ ഇടവേളകളിൽ ഇൻഷ്വറൻസ് പുതുക്കിയെന്ന് വരില്ല. കാരുണ്യ ഏറെ ലളിതമായിരുന്നു. ഒരു പദ്ധതിയിലും ചേരേണ്ടിയിരുന്നില്ല. രോഗം കണ്ടെത്തിയ ശേഷം അപേക്ഷിച്ചാലും ധനസഹായം ലഭിക്കുമായിരുന്നു. കാരുണ്യ പദ്ധതി അവസാനിപ്പിക്കാൻ 10ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.