pinarayi-vijayan

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ ആയിരം ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഫെബ്രുവരി 20 മുതൽ 27 വരെയായി വിവിധ ആഘോഷപരിപാടികളും സംഘടിപ്പിക്കും.

ഫെബ്രുവരി 28നാണ് ആയിരം ദിവസം സർക്കാർ തികയ്ക്കുക.

ഒരാഴ്ച നീളുന്ന പ്രദർശനം, വികസന സെമിനാറുകൾ, സാംസ്കാരികപരിപാടികൾ എന്നിവയാണ് ഓരോ ജില്ലയിലുമായി സംഘടിപ്പിക്കുക. ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ആഘോഷങ്ങൾ സംബന്ധിച്ച് എ.കെ. ബാലൻ കൺവീനറായുള്ള മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. മാർച്ച് ആദ്യവാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, മന്ത്രിസഭയുടെ മൂന്നാം വാർഷികാഘോഷം ഇത്തവണ നടക്കില്ല. ഇത് കണക്കിലെടുത്താണ് ആയിരം ദിവസം ആഘോഷിക്കുന്നത്.

പരിപാടികളുടെ സംഘാടനത്തിന്

ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാർ:

തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രൻ

കൊല്ലം- ജെ. മേഴ്സിക്കുട്ടി അമ്മ

ആലപ്പുഴ- ജി. സുധാകരൻ

പത്തനംതിട്ട- കെ. രാജു

കോട്ടയം- പി. തിലോത്തമൻ

ഇടുക്കി- എം.എം. മണി

എറണാകുളം- എ.സി. മൊയ്തീൻ

തൃശൂർ- വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്

പാലക്കാട്- എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി

മലപ്പുറം- കെ.ടി. ജലീൽ

കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ

വയനാട്- കെ.കെ. ശൈലജ

കണ്ണൂർ- ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി

കാസർകോട്- ഇ. ചന്ദ്രശേഖരൻ