editorial-

തലസ്ഥാന നഗരിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട എഴുപതോളം പ്രതികളാണ് പിടിയിലായത്. ഗതാഗത നിയമലംഘനങ്ങളുടെ പേരിലും ഇരുന്നൂറോളം പേർ കുടുങ്ങിയതായാണ് വാർത്ത. 'ഓപ്പറേഷൻ കോബ്ര' എന്ന് പേരിട്ട ഈ പരിശോധന തുടർ പ്രക്രിയയാക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ആവശ്യമാണ്. കാരണം നഗരത്തിൽ നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും പൊലീസിന്റെ സജീവമായ ഇടപെടലുകൾ ആവശ്യപ്പെടുന്നവയാണ്. നഗരവാസികളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ സിറ്റി പൊലീസ് സ്വീകരിച്ചിട്ടുള്ള ഒട്ടേറെ നടപടികളുടെ കൂട്ടത്തിൽ ഓപ്പറേഷൻ കോബ്ര പോലുള്ള പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

തീരെ അച്ചടക്കമില്ലാത്ത നഗര ഗതാഗത വാഹനങ്ങൾ, ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, മുഴുവൻ നഗരവാസികൾക്കും വലിയ വിനയായി മാറിക്കൊണ്ടിരിക്കുകയാണ്. വാഹനാപകടങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു. മരണസംഖ്യയും കൂടുന്നു. വാഹനാപകടമില്ലാത്ത ദിവസങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഓപ്പറേഷൻ കോബ്രകൊണ്ട് പ്രധാനമായും ലക്ഷ്യമിട്ടത് ഗതാഗത നിയമം കർശനമാക്കലാണ്. ആദ്യ ദിനംതന്നെ 170-ലധികം പേരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിയിലായത്. മദ്യപിച്ച് വാഹനം ഓടിക്കൽ, ഹെൽമറ്റ് ധരിക്കാതിരിക്കുക, അമിതവേഗം, വാഹനങ്ങളിൽ രൂപമാറ്റം വരുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പലരും കുടുങ്ങിയത്. തലസ്ഥാന നഗരിയിൽ മാത്രമല്ല, സംസ്ഥാനത്ത് എവിടെയും ഇമ്മാതിരി ഗതാഗത നിയമലംഘനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഗതാഗത മേഖലയ്ക്കായി പൊലീസിൽ പ്രത്യേക വിഭാഗം പതിന്മടങ്ങ് ശക്തിപ്പെടുത്തേണ്ട കാലം എന്നേ കഴിഞ്ഞു. സേനയിൽ ട്രാഫിക് വിഭാഗമുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന ഗതാഗത ചുമതലകൾ നിറവേറ്റാൻ തക്ക ശേഷി അതിനില്ല. നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് അവരുടെ പ്രവർത്തനകേന്ദ്രം. എവിടെയിരുന്നും നിയന്ത്രിക്കാവുന്ന കേന്ദ്രീകൃത സംവിധാനങ്ങളൊക്കെ ഉണ്ടായിട്ടും ആയിരംപേരുടെ ഒരു പ്രകടനം നടന്നാൽ നഗരം ഒന്നടങ്കം സ്തംഭിക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ. ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അഭാവമാണ് ഇതിനുള്ള കാരണം.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് പിടിത്തവും രേഖാപരിശോധനയും മാത്രമല്ല, ഗതാഗത നിയമം നടപ്പാക്കൽ എന്ന ബോദ്ധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇപ്പോൾ എവിടെയും നടക്കുന്ന വാഹന പരിശോധനകൾ ഇത്തരം നിയമലംഘനങ്ങളുടെ പേരിലാണ്. റോഡുകളിൽ നടക്കാറുള്ള നഗ്നമായ നിയമലംഘനങ്ങൾ പ്രായേണ നിയമത്തിന്റെ വലയിൽ അധികം പെടാറില്ലെന്നതാണ് വാസ്തവം. ക്യാമറ ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് അമിത വേഗക്കാർ കുടുങ്ങുന്നത്. നഗരമേഖലകളിൽ അഭൂതപൂർവമായ വാഹനത്തിരക്കിനിടയിലും പരമാവധി വേഗത്തിൽ ചീറിപ്പായുന്നവർ ധാരാളമാണ്. തെറ്റായ ദിശയിലൂടെയുള്ള ഓവർടേക്കിംഗ് അംഗീകൃത ശീലമായി മാറിക്കഴിഞ്ഞു. ഫുട്പാത്തുകൾ കൈയേറിയുള്ള പാർക്കിംഗും ഫുട്പാത്തിലൂടെയുള്ള ഇരുചക്ര വാഹനക്കാരുടെ യാത്രയും കാൽനട യാത്രികരുടെ ജീവന് ഭീഷണിയായിത്തീർന്നിട്ടുണ്ട്. പൊലീസിന്റെ വാഹന പരിശോധനകളിൽ ഇത്തരം നിയമലംഘനങ്ങൾ പെടുന്നതേയില്ല. പൊതുനിരത്തുകളിൽ അച്ചടക്കമുള്ള ഗതാഗതശീലം നിലനിറുത്തുന്ന കാര്യത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായേ മതിയാവൂ. സൈക്കിൾ മുതൽ കൂറ്റൻ ട്രെയിലറുകൾ വരെ ഒരേ നിരത്തിൽക്കൂടി സഞ്ചരിക്കേണ്ടി വരുമ്പോൾ വാഹനം ഓടിക്കുന്ന ഓരോരുത്തരും ഗതാഗത നിയമം കർക്കശമായി പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ, മുന്നേ എത്താനുള്ള ആക്രാന്തമാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. ഒരു വർഷം നാലായിരത്തിലേറെ ആളുകൾ റോഡപകടങ്ങളിൽപ്പെട്ടു അകാലമൃത്യുവിനിരയാകുന്ന സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കർക്കശമായി നടപ്പാക്കുന്നതിനൊപ്പം ഗതാഗത സംവിധാനങ്ങൾ പരിഷ്കരിക്കാനുള്ള സാദ്ധ്യതകളും ആരായണം. പാതവക്കിൽ കാത്തുനിന്ന് ഹെൽമറ്റ് ഇല്ലാത്തവരെയും മദ്യപിച്ചു വാഹനം ഓടിക്കുന്നവരെയും പിടിച്ചു പിഴ ഈടാക്കാൻ എളുപ്പമാണ്. എന്നാൽ, നിയമത്തെ വെല്ലുവിളിച്ച് നിരത്തുകളിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്ന തീരെ അച്ചടക്കമില്ലാത്ത നിയമനിഷേധികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഗതാഗത നിയമം അർത്ഥപൂർണമാകുന്നത്.

വാഹന പരിശോധനയ്ക്കിറങ്ങുന്ന പൊലീസ് സംഘം ഈ വക കാര്യങ്ങളിൽ കൂടി മനസുവച്ചാൽ അപകടനിരക്ക് കുറയ്ക്കാനാകും. സാഹസികത പുറത്തെടുക്കേണ്ടത് പൊതുനിരത്തുകളിലല്ലെന്ന് വാഹനം ഓടിക്കുന്നവർ പ്രത്യേകിച്ചും യുവതലമുറ സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു. വാഹന പരിശോധനയും ഗതാഗത നിയമം നടപ്പാക്കലും വെറും പെറ്റിയടിക്കലിൽ ഒതുക്കരുത്.