atl23ja

ആ​റ്റിങ്ങൽ: മഞ്ഞ് പൊഴിയുന്ന ജനുവരിയിൽ തന്നെ വാമനപുരം നദിയിലെ വെള്ളം കുറഞ്ഞു വരുന്നത് നാട്ടുകാരിൽ ആശങ്ക ഉണർത്തുന്നു. ദിവസംതോറും വെള്ളത്തിന്റെ അളവ് താഴുന്നത് ഈ നദിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴക്കൂട്ടം, മേനംകുളം എന്നിവിടങ്ങളിലേക്കും നെടുമങ്ങാട് താലൂക്കിന്റെ പകുതിയലധികം പ്രദേശങ്ങളിലേക്കും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളവിതരണം നടത്തുന്നത് വാമനപുരം നദിയിൽ നിന്നാണ്. ഇപ്പോൾ കുടിവെള്ളപദ്ധതികളിലേക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പൂവമ്പാറയിൽ നിർമ്മിച്ചിട്ടുളള തടയണയുടെ ഉയരം താത്കാലികമായി കൂട്ടിയിട്ടുണ്ട്. മൂന്ന് ദിവസം ആ​റ്റിലെ ഒഴുക്ക് നിരീക്ഷിച്ചശേഷമാണ് തടയണ ഉയർത്താൻ തീരുമാനിച്ചതെന്ന് വാട്ടർ അതോറി​ട്ടി എ.എക്‌സ്.ഇ ബൈജു പറഞ്ഞു. തടയണയ്ക്കു മുകളിലൂടെ 15 സെന്റീമീ​റ്റർ ഉയരത്തിൽ ഒഴുകിയ വെള്ളം അടുത്തദിവസം 10 സെ.മീ​റ്ററിലേക്കും അതിനടുത്ത ദിവസം 7 സെ.മീറ്ററിലേക്കും കുറയുകയായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി തടയണ ഉയർത്തിയത്. കഴിഞ്ഞ വർഷവും ഇതുപോലെ തടയണ ഉയർത്തിയിരുന്നു. എന്നാൽ നദിയിൽ പദ്ധതികളുടെ എണ്ണം കൂടുതലുള്ളതിനാൽ ഇത് അത്രയ്ക്ക് പ്രയോജനപ്പെടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നെടുമങ്ങാട് താലൂക്കിലെ ചെല്ലഞ്ചി കേന്ദ്രീകരിച്ച് ഒരു ഡാം നിർമ്മിക്കുന്നതിന് നേരത്തേ പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായിട്ടില്ല. ഇവിടെ ഒരു മീ​റ്റർ ഉയരത്തിൽ ഒരു തടയണമാത്രം നിർമ്മിച്ചിട്ടുണ്ട്. പൂവമ്പാറയിലെ തടയണയുടെ ഉയരം സ്ഥിരമായി 3.4 മീറ്ററാക്കുന്നതിന് നടപടി വേണമെന്നും ജില്ലയിലെ മൂന്ന് താലൂക്കിലെ ജനങ്ങളുടെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിന് ഡാം നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

കുടിവെള്ളപദ്ധതികളിൽ ഉപ്പുവെള്ളം കയറാതിരിക്കാനാണ് പൂവൻപാറ പാലത്തിനു സമീപം തടയണ നിർമ്മിച്ചത്. പൂവമ്പാറയിൽ 3.4 മീ​റ്റർ ഉയരത്തിൽ സ്ഥിരം തടയണ നിർമ്മിക്കാനായിരുന്നു പദ്ധതി തയാറാക്കിയതെങ്കിലും എതിർപ്പുണ്ടായതിനാൽ 2.7 മീ​റ്ററായി പരിമിതപ്പെടുത്തി. എന്നാൽ ആവശ്യമെങ്കിൽ താത്കാലികമായി ഉയരംകൂട്ടാനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. സ്ഥിരം തടയണയുടെ മുകളിൽ രണ്ടിഞ്ച് വ്യാസത്തിൽ ഇട്ടിട്ടുള്ള സുഷിരങ്ങളിലൂടെ ഇരുമ്പ് പൈപ്പ് കടത്തി ഷീ​റ്റിട്ടശേഷം മണൽചാക്കുകളടുക്കിയാണ് ഉയരം കൂട്ടുന്നത്. ഒരു വർഷത്തിനിടെ നിരവധി പുതിയ ജലസേചനപദ്ധതികൾ വന്നതിനെ തുടർന്ന് വലിയതോതിലാണ് നദിയിൽ നിന്ന് വെള്ളമെടുക്കുന്നത്.