തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹൗസ് സർജൻസിക്ക് സമാനമായി എൻജിനിയറിംഗ് പഠനശേഷം ഒരു വർഷം ഇന്റേൺഷിപ്പ് അടുത്ത വർഷം മുതൽ ആലോചിക്കുന്നതായി മന്ത്റി കെ.ടി. ജലീൽ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിർമാണ പ്രവർത്തനങ്ങളിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തണം. തിരുവനന്തപുരം സർക്കാർ എൻജിനിയറിംഗ് കോളേജിന് അനുബന്ധമായി പ്രവർത്തിക്കുന്ന ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്കിന്റെ (ട്രെസ്റ്റ്) കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കൾ അന്യനാടുകളിലാണ് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. അതിനുതകുന്ന ഭൗതികസാഹചര്യം കേരളത്തിൽ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ടെക്‌നോളജി റിസർച്ച് പാർക്ക് ഇതിന് പരിഹാരമാണ്- മന്ത്റി പറഞ്ഞു. പാർക്ക് ചെയർമാൻ ഡോ. ഗംഗൻ പ്രതാപ് സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഇന്ദിരാ ദേവി, കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജിജി, ആനന്ദ് ബാരിയ തുടങ്ങിയവർ പങ്കെടുത്തു.