pallickal-puzha

കല്ലമ്പലം: അനിയന്ത്രിതമായ മണലൂറ്റും മാലിന്യനിക്ഷേപവും വ്യാപകമായതോടെ നാശത്തിലേക്ക് ഒഴുകുകയാണ് ഇത്തിക്കരയാറിന്റെ ഭാഗമായ പള്ളിക്കൽ പുഴ. പുഴയുടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു മണലൂറ്റുന്നതിനാൽ വൻ കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളിൽപ്പെട്ട് അപകടത്തിലാകുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്. തെന്മലയിൽ നിന്ന് ഉത്ഭവിച്ചു കല്ലടയാറിലൂടെ ഒഴുകിയെത്തുന്ന ഇത്തിക്കരയാറിന്റെ ഭാഗമാണ് പള്ളിക്കൽ പുഴ. പണ്ടുകാലത്ത് ഒരു വലിയ പ്രദേശത്തിന്റെ ആശ്വാസമായിരുന്ന പുഴയുടെ ആരോഗ്യകരമായ നിലനിൽപ്പിനായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് ആക്ഷേപമുണ്ട്. മണൽക്കൊള്ള തടയുന്നതിനോ അപകടങ്ങൾ ഒഴിവാക്കുന്നതിനോ യാതൊരു നടപടിയും അധികൃതരുടെ ഇതുവരെയും സ്വീകരിച്ചിട്ടില്ല. പള്ളിക്കൽ പഞ്ചായത്തിലെ 2, 3, 8, 10, 11 വാർഡുകളിലൂടെ കടന്നു പോകുന്ന പുഴ പള്ളിക്കൽ നിവാസികളുടെ കാർഷികവും, കാർഷികേതരവും, ഗാർഹികവുമായ ആവശ്യങ്ങൾക്കു ഏറെ പ്രയോജനപ്പെട്ടിരുന്നു. ജലനിരപ്പു താഴ്ന്നത് സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റാൻ കാരണമായി. ഇപ്പോൾ മഴക്കാലത്തും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നാണു പ്രദേശവാസികൾ പറയുന്നത്. കയങ്ങൾ രൂപപ്പെട്ടതോടെ മഴക്കാലത്തും ഒഴുക്ക് നിലച്ചു ചെളിവെള്ളം കെട്ടികിടക്കാൻ തുടങ്ങിയത് അപകടങ്ങൾക്ക് കാരണമായതായി നാട്ടുകാർ ആരോപിക്കുന്നു. അറവുശാലകളിലെയും, കോഴിക്കടകളിലെയും മാലിന്യങ്ങൾ ചാക്കുകളിലാക്കി പാലത്തിനു സമീപത്തുനിന്നു പുഴയിലേക്കു തള്ളുന്നതു പതിവാണെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ഒഴുക്ക് നിലച്ച പുഴയിൽ മാലിന്യങ്ങൾ അവിടവിടെയായി കെട്ടിക്കിടക്കുന്നതിനാൽ ജലം ഉപയോഗിക്കാൻ ജനം മടിക്കുകയാണ്.ഇവിടങ്ങളിൽ ദുർഗന്ധവും രൂക്ഷമാണ്. പള്ളിക്കൽ പുഴക്കടവ് പാലത്തിലെ രാത്രികാല മദ്യപസംഘങ്ങൾ നാട്ടുകാരുടെ സ്വൈരം കെടുത്തുന്നതായും പരാതിയുണ്ട്. മദ്യപിച്ച ശേഷം ആഹാരങ്ങളുടെ അവശിഷ്ടങ്ങളും കുപ്പികളും പ്ലാസ്റ്റിക് ബാഗുകളുമെല്ലാം പുഴയിലേക്കാണു വലിച്ചെറിയുന്നത്. തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ സ്‌ഥലത്തു പോലീസ് പട്രോളിംഗ് ഉണ്ടാകാറില്ലെന്ന ആക്ഷേപവുമുണ്ട്. മാലിന്യനിക്ഷേപത്തിനും മണലൂറ്റിനും എതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.