powecut

വിതുര: വിതുര- തൊളിക്കോട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമവും ഉപ്പം അപ്രഖ്യാപിത പവർക്കട്ടും പിടിമുറുക്കിയിരിക്കുകയാണ്. മുന്നറിയിപ്പുകളില്ലാതെയും കാരണം കൂടാതെയും ഇടവിട്ട് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും ജനങ്ങൾക്ക് തിരിച്ചടിയാകുകയാണ്. ഒരാഴ്ചയായി നടക്കുന്ന പവർക്കട്ട് വ്യാപാരി സമൂഹത്തിനും വെല്ലുവിളിയാകുകയാണ്. സർക്കാർ ഒൗദ്യോഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഗ്രാമീണമേഖലയിൽ ഏതാനും ദിവസങ്ങളായി ഇൗ പ്രതിഭാസം തുടരുകയാണ്. ഇലക്ട്രിസിറ്റി ഒാഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. ഗ്രാമീണമേഖലയിലെ ഉയർന്നപ്രദേശങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമർന്നിട്ട് ആഴ്ചകളേറയായി. കിലോമീറ്ററുകൾ താണ്ടി നദിയിൽ നിന്നും മറ്റും ജലം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. കുടിനീരിനായി പരക്കം പായുന്നതിനിടയിലാണ് ഇരുട്ടടിയായി അപ്രഖ്യാപിതപവർകട്ട് കൂട്ടി എത്തിയത്. ഇതോടെ ജനം ചക്രശ്വാസം വലിക്കുകയാണ്. ജലക്ഷാമത്തെ കുറിച്ചും വൈദ്യുതിമുടക്കത്തെ കുറിച്ചും അനവധി പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരിക്കുകയാണ്.
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശത്തേക്കും പൈപ്പ് ലൈൻകടന്നുവന്നിട്ടില്ല. നിലിവിലുള്ള ടാപ്പുകളിലാകട്ടെ മിക്കപ്പോഴും ജലം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ജനം കുടിനീരിനായി പരക്കംപായുമ്പോൾ പഞ്ചായത്തുകളുടെ മിക്ക ഭാഗങ്ങളിലും പൈപ്പുലൈനുകൾ പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നത് പതിവ് കാഴ്ചയാണ്. കോടാകുന്ന പൈപ്പ് ലൈനുകൾ യഥാസമയം നന്നാക്കാറില്ലെന്നും പരാതിയുണ്ട്. തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ, കണ്ണങ്കര, ആനപ്പെട്ടി മേഖലയിലും പൈപ്പ് പൊട്ടൽ പതിവാണ്. പൈപ്പ് പൊട്ടുന്ന മേഖലകളിൽ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കാലതാമസം വരുന്നതും പതിവാണ്.
തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക മേഖലകളിലും വൈദ്യുതിലൈനുകൾക്ക് മീതെ മരങ്ങൾ വളർന്നുനിൽക്കുന്നുണ്ട്. കാറ്റത്തും മഴയത്തും മരച്ചില്ലകൾ ഒടിഞ്ഞുവീണ് ലൈൻ പൊട്ടുകയും വൈദ്യുതിവിതരണം തടസ്സപ്പെടുകയും ചെയ്യും. റബർമരങ്ങളാണ് അധികവും വളർന്ന് ലൈനുകൾക്ക് മീതെ നിൽക്കുന്നത്. മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ടാലും നടപടികളില്ലെന്ന് നാട്ടുകാർ പറയുന്നു.
ഗ്രാമീണമേഖലയിലനുഭവപ്പെടുന്ന രൂക്ഷമായ കുടിനീർക്ഷാമത്തിനും വൈദ്യുതിതടസ്സത്തിനും അടിയന്തരപരിഹാരം കാണണമെന്ന് കേരളവ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വെള്ളവും വെളിച്ചവും മുടങ്ങുന്നത് വ്യാപാരസമൂഹത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരിവ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു.