തിരുവനന്തപുരം: മുഖ്യമന്ത്രി കർശന നിലപാടെടുത്തിട്ടും നമ്മുടെ പൊലീസ് നന്നാവുന്ന ലക്ഷണമില്ല. സ്റ്റേഷനുകളിൽ കഞ്ചാവും പണവും പൊന്നും അനധികൃതമായി സൂക്ഷിച്ചും പരാതികളും വാറണ്ടുകളും ചുരുട്ടിക്കൂട്ടി മൂലയ്ക്കെറിഞ്ഞും അവർ ചീത്തപ്പേര് കേൾപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വിജിലൻസിന്റെ മിന്നൽ പരിശോധനയുണ്ടായ 54 സ്റ്റേഷനുകളിലും ഇത്തരം പിഴവുകൾ കണ്ടെത്തി.
കേസോ രേഖയോ ഇല്ലാതെ നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചിട്ട് നശിപ്പിക്കുന്നുണ്ട് മിക്ക സ്റ്റേഷനുകളിലും. സ്ത്രീകൾക്കെതിരായ അക്രമക്കേസുകൾ പോലും അന്വേഷിക്കുന്നില്ല. ഉന്നത ബിരുദങ്ങളുള്ളവർ എസ്.എച്ച്.ഒമാരായിട്ടും ക്വട്ടേഷൻ-മാഫിയാ-രാഷ്ട്രീയ ബന്ധങ്ങളുള്ള പൊലീസുകാരിൽ നിന്ന് സ്റ്റേഷനുകൾക്ക് മോചനമില്ലെന്ന അവസ്ഥ തുടരുന്നു. അറസ്റ്റിനും കസ്റ്റഡിക്കും സുപ്രീംകോടതി ഉത്തരവുപ്രകാരം പാലിക്കേണ്ട നടപടികൾ ഇവർക്ക് ബാധകവുമല്ല.
70 ശതമാനം അറസ്റ്റും നിയമ വിരുദ്ധമാണെന്ന് ഇന്റലിജൻസ് മേധാവിയായിരിക്കെ കണ്ടെത്തിയ ഡി.ജി.പി ബി.എസ്.മുഹമ്മദ് യാസിനാണ് വിജിലൻസിന്റെ 'ഓപ്പറേഷൻ തണ്ടർ' നയിച്ചത്. മാഫിയകളുമായി ഒത്തുതീർപ്പിനാണ് പൊലീസ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മണൽ, ഗ്രാനൈറ്റ്, വെട്ടുകല്ല് കടത്തുന്ന ലോറികൾ പിടിച്ചിട്ട ശേഷം ഡ്രൈവർമാരെ വിടും. ഏജന്റുമാർ പറഞ്ഞുറപ്പിക്കുന്ന വൻതുക കൈയിലെത്തിയാലേ വാഹനം വിട്ടയയ്ക്കൂ.
പൊലീസിലെ അഴിമതിയും കെടുകാര്യസ്ഥയും വച്ചുപൊറുപ്പിക്കില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. പക്ഷപാതവും വ്യക്തിപരമായ ഇഷ്‌ടാനിഷ്ടങ്ങളും ഉപേക്ഷിച്ച് നീതിനിർവഹണത്തിൽ ജനങ്ങളുടെ പക്ഷത്തുനിൽക്കണമെന്ന് മുഖ്യമന്ത്രി പലവുരു കർശനമായി നിർദ്ദേശിച്ചതുമാണ്. ഉദ്യോഗസ്ഥരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽപരിശോധന നടത്തണമെന്നും നിർദ്ദേശിച്ചിട്ടും ഫലമില്ല.
ഈ സർക്കാർ വന്ന ശേഷം കൃത്യനിർവഹണത്തിലെ വീഴ്ചയുടെ പേരിൽ മൂന്നു ഡസനോളം പൊലീസുകാർ സസ്‌പെൻഷനിലായി. എസ്.ഐമാർ അടക്കം ഇരുപതിലേറെപ്പേർ കേസുകളിൽ പ്രതികളായി. എന്നിട്ടും വീഴ്ചകൾ തുടരുന്നു.
സർക്കാരിന്റെ
6 കല്പനകൾ
1. പക്ഷപാതം
കേസന്വേഷണത്തിൽ പക്ഷപാതം വേണ്ട. ജാതി-മത പരിഗണനയ്ക്കോ രാഷ്ട്രീയ-സാമുദായിക-വ്യക്തിഗത സ്വാധീനത്തിനോ വഴങ്ങരുത്. പാവപ്പെട്ടവരോടും സമ്പന്നരോടും രണ്ടു രീതി വേണ്ട
2. പരാതികൾ
പരാതി സ്വീകരിക്കാതിരിക്കരുത്. പരാതിക്കാരോട് മാന്യമായി പെരുമാറണം. സ്റ്റേഷനുകളിൽ ലഭിക്കുന്നത് വസ്തുതാപരമായ വിവരമാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കണം
3. സ്ത്രീ സുരക്ഷ
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തുവിവരം ലഭിച്ചാലും അന്വേഷിക്കാതെ വിടരുത്. സ്ത്രീസുരക്ഷയ്ക്ക് മുൻഗണന. വീഴ്‌ചവരുത്തിയാൽ ശക്തമായ നടപടി.
4. മുൻവിധി
കാണാതായെന്ന് വിവരം കിട്ടിയാൽ മുൻവിധിയില്ലാതെ കേസെടുക്കണം. പേരിനുള്ള തെരച്ചിൽ പോരാ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീമുണ്ടാക്കണം
5. മാഫിയകൾ
ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദം പാടില്ല. ഒത്തുകളിയുണ്ടായാൽ സസ്പെൻഡ് ചെയ്യും. ഗുണ്ടകൾക്കെതിരെ പരാതിയുണ്ടായാൽ കണ്ണടയ്ക്കരുത്.
6. ജാഗ്രത
സർക്കാർ നയം നടപ്പാക്കിയില്ലെങ്കിൽ ഒരു തരത്തിലുമുള്ള സംരക്ഷണവും ഉണ്ടാവില്ല. നീതിയും സുരക്ഷയും ഉറപ്പാക്കാൻ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം.
''സേനയ്ക്കുള്ള ശക്തമായ സന്ദേശമാണ് വിജിലൻസിന്റെ മിന്നൽപരിശോധന. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവും. പരിശോധന തുടരും.''
- എം.വി.ജയരാജൻ,
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി