തിരുവനന്തപുരം: മോഡേൺ മെഡിസിൻ, ആയുഷ് എന്നീ രണ്ട് വിഭാഗങ്ങൾ ഉള്ള ആരോഗ്യ ഡയറക്‌ടറേറ്റിനെ മൂന്നായി വിഭജിക്കുന്ന പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മോഡേൺ മെഡിസിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ഒഫ് ഹെൽത്ത് സർവീസിനെയാണ് വിഭജിക്കുന്നത്. രോഗപ്രതിരോധത്തിലൂന്നി പൊതുജനാരോഗ്യം പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്‌ടറേറ്റ് ഒഫ് ക്ലിനിക്കൽ സർവ്വീസ് പുതുതായി രൂപീകരിക്കും.
ഡോ. ബി. ഇക്ബാൽ ചെയർമാനായ 17 അംഗ വിദഗ്ദ്ധ സമിതിയാണ് ആരോഗ്യനയത്തിന്റെ കരട് തയാറാക്കിയത്. ആരോഗ്യ രംഗത്തെ വെല്ലുവിളികൾ, പ്രവർത്തന രൂപരേഖ, പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ഘടനയും ഉത്തരവാദിത്തവും, മനുഷ്യ വിഭവശേഷി, രോഗനിർണ്ണയ സേവനങ്ങൾ, മരുന്നുകൾ, ഉപകരണങ്ങൾ, പൊതുജനാരോഗ്യ നിയമങ്ങൾ എന്നിങ്ങനെയാണ് ആരോഗ്യ നയം തരം തിരിച്ചിരിക്കുന്നത്.
പ്രധാന ലക്ഷ്യങ്ങൾ
കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകാനായി കുടുതൽ പണം നീക്കി വയ്ക്കും.
ആരോഗ്യ പാലന ചെലവ് സംസ്ഥാന ഉത്പാദനത്തിന്റെ 0.6% ത്തിൽ നിന്ന് 5% ആയി വർദ്ധിപ്പിക്കും.
മാതൃമരണ നിരക്ക് ഒരു ലക്ഷത്തിന് 66 എന്നത് 30 ആയി കുറയ്ക്കും.
ശിശുമരണനിരക്ക് 12 ൽ നിന്ന് 8 ആയി കുറയ്ക്കും.
നവജാത ശിശുക്കളുടെ മരണനിരക്ക് 7 ൽ നിന്ന് 5 ആക്കും
പകർച്ചവ്യാധി ബാധ 50 ശതമാനമായി കുറയ്ക്കും.
റഫറൽ സംവിധാനം ഏർപ്പെടുത്തും.
സ്വകാര്യ ആശുപത്രികൾക്കായി
മിനിമം നിലവാരം ഉറപ്പാക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കും.
കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്ന സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കും.
യോഗ്യതയുള്ള നഴ്സുമാരെയും ടെക്നിഷന്മാരെയും ഫാർമസിസ്റ്റുകളെയും മാത്രമേ നിയമിക്കാവൂ.
മിനിമം വേതനം കർശനമായി നടപ്പാക്കും
ഡോക്ടർമാർക്ക് ആശുപത്രിയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നത് ഒഴിവാക്കണം.