തിരുവനന്തപുരം: മുകുൾ വാസ്‌നിക്കിന് ദേഷ്യം വരാതിരിക്കുമോ! ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഉണർത്താൻ തലസ്ഥാനത്ത് എത്തിയപ്പോൾ നേതാക്കൾ കൂട്ടത്തോടെ അവധി. ഡി.സി.സി ഭാരവാഹികളും മണ്ഡലം- ബ്‌ളോക്ക് കമ്മിറ്റി പ്രതിനിധികളും ഉൾപ്പെടെ 180 പേർ പങ്കെടുക്കേണ്ട യോഗത്തിന് എത്തിയത് 62 പേർ മാത്രം.
കേരളത്തിന്റെ ചുമതലയുള്ള താനും, കെ.പി.സി.സി അധ്യക്ഷനും വിളിച്ച യോഗമായിട്ടും പകുതിയിലധികം പേർ പങ്കെടുക്കാതിരുന്നത് ഗുരുതരമായി കണ്ട് നടപടി വേണമെന്ന് മുകുൾ വാസ്‌നിക് ക്ഷോഭത്തോടെ നിർദ്ദേശിക്കുകയും ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. ആ സമയത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തവരെയും വച്ച് മുന്നോട്ടു പോകാനാവില്ല. കോൺഗ്രസിന്റെ തീരിച്ചുവരവ് രാജ്യം ആവശ്യപ്പെടുന്ന സന്ദർഭമാണ്. അതിനായി പ്രവർത്തിക്കാതെ, പദവി അലങ്കാരമായി കൊണ്ടുനടക്കുന്നത് അനുവദിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.
യോഗത്തിൽ നിന്ന് വിട്ടുനിന്നവരെ ഉദ്ദേശിച്ച്, ഉണങ്ങിയ മരങ്ങൾ വെട്ടിക്കളയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. അർഹരായ ഒരുപാടു പേർ ഒരു സ്ഥാനവും ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. ആൾക്കൂട്ടത്തിന് ഒരു പാർട്ടിയേയും രക്ഷപ്പെടുത്താനാവില്ല. നേതൃബാഹുല്യം ഉണ്ടായതുകൊണ്ട് ഒരിടത്തും ഗുണമുണ്ടായിട്ടുമില്ല. അതുകൊണ്ട് ഹാജരുകൾ പരിശോധിക്കും. കമ്മിറ്റികളിൽ പങ്കെടുക്കാത്തവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം കാര്യക്ഷമമാക്കണമെന്ന് മുകുൾവാസ്നിക് നിർദ്ദേശിച്ചു. ബ്ലോക്ക്, മണ്ഡലം തലത്തിലുള്ള തർക്കങ്ങൾ നേതാക്കൾ ഇടപെട്ട് തീർപ്പാക്കണം. നാല് മലബാർ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് മുകുൾ വാസ്‌നിക്കിന്റെ യോഗം. ഉച്ച കഴിഞ്ഞ് അദ്ദേഹം കൊല്ലത്തെ യോഗത്തിൽ പങ്കെടുത്തു.