പാറശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം ദേശീയ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്രത്തിൽ ഫെബ്രുവരി 21 മുതൽ നടക്കുന്ന മഹാശിവരാത്രി മഹോത്സവത്തിനും രണ്ടാമത് മഹാരുദ്ര യജ്ഞത്തിനും മുന്നോടിയായി നടന്ന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്ന് പറഞ്ഞ അദ്ദേഹം താനൊരു ശിവഭക്തനെന്നും ചെങ്കൽ ശിവപാർവതി ക്ഷേത്രം സന്ദർശിച്ചപ്പോൾ ഇവിടത്തെ പ്രതിഷ്ഠകളും ശിവലിംഗങ്ങളും തനിക്ക് പുതിയൊരു അനുഭൂതിക്ക് കാരണമായതായും അറിയിച്ചു.
കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ, അയ്യപ്പസേവാ സംഘം അഖിലേന്ത്യ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി പ്രൊഫ. തുളസീദാസൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശിവരാത്രി മഹോത്സവത്തിന്റെയും, മഹാരുദ്ര യജ്ഞത്തിന്റെയും നടത്തിപ്പിനായി സൂര്യ കൃഷ്ണമൂർത്തി, ബി.ജെ.പി മുൻ സംസ്ഥന അദ്ധ്യക്ഷൻ പി.പി.മുകുന്ദൻ, പന്നിയോട് സുകുമാരൻ വൈദ്യർ എന്നിവരെ രക്ഷാധികാരികളായും മുൻ കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ നന്ദകുമാറിനെ ഉത്സവ കമ്മിറ്റി പ്രസിഡന്റായും ആഘോഷ കമ്മിറ്റിയുടെ ഭാരവാഹികളായി ഹോട്ടൽ ഉദയസമുദ്രയുടെ എം.ഡി എം.രാജശേഖരൻ നായർ, ശ്രീരാഗം ആഡിറ്റോറിയം എം.ഡി ശിവശങ്കരൻ നായർ, മധുരൈ സുബ്രഹ്മാൻ എന്നിവരെ ജനറൽ സെക്രട്ടറിമാരായും 301 പേരടങ്ങുന്ന ജനറൽ കമ്മിറ്റി രൂപീകരിച്ചു.