നെടുമങ്ങാട്: നഗരഹൃദയമായ സൗപർണിക നഗറിലെ കുട്ടികൾക്ക് പൊതു കളിസ്ഥലം എന്ന ആവശ്യം ശക്തമായിട്ട് കാലങ്ങൾ ഏറെയായി. തിരക്കേറിയ റോഡും സ്വകാര്യ പുരയിടങ്ങളും കൈയേറിയാണ് ഇപ്പോൾ കുട്ടികളുടെ വിനോദം. പ്രതിഭതെളിയിച്ച അനവധി കൊച്ചുമിടുക്കൻമാർ ഈ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലുണ്ട്. ക്രിക്കറ്റും ഫുട്ബോളും ഷട്ടിലും റിലേയുമൊക്കെ ആവേശമായി കൊണ്ടുനടക്കുന്നവർ. പക്ഷെ, ഒരു ജില്ലാതല മീറ്റിലെങ്കിലും മാറ്റുരയ്ക്കാനുള്ള ഭാഗ്യം ഇതേവരെ ഇവർക്ക് ലഭിച്ചിട്ടില്ല. നീന്തൽ പ്രതിഭകൾ ധാരാളമുണ്ടെങ്കിലും ഒരാൾക്ക് പോലും അതിന്റെ ആനുകൂല്യം നേടാനായിട്ടുമില്ല. ദേശീയ, സംസ്ഥാന തല കായിക മത്സരങ്ങൾക്കോ ടൂർണമെന്റുകൾക്കോ ആതിഥേയത്വം അരുളാനുള്ള യോഗം നഗരസഭയ്ക്കും ഉണ്ടായിട്ടില്ല. കായിക ക്ഷമതയുടെ അഭാവം ചൂണ്ടിക്കാട്ടി വിവിധ മത്സരങ്ങളിലും ആർമി, പൊലീസ് സേനാ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും നഗരവാസികൾ പിന്തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. സമീപത്തെ വാർഡിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിനി ഇൻഡോർസ്റ്റേഡിയം അടഞ്ഞുകിടപ്പാണ്. പരിശീലനത്തിനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാതെ സ്റ്റേഡിയം ഉദ്‌ഘാടനം നടത്തിയെന്നാണ് ആക്ഷേപം. ഷൊർലാക്കോട് റോഡിൽ കുളവിക്കോണം വേണാട് ഹോസ്പിറ്റൽ ലൈൻ മുതൽ തെക്കുംകര ദേവിക്ഷേത്രം വരെ മുന്നൂറിലേറെ കുടുംബങ്ങളുള്ള പ്രദേശമാണ് സൗപർണിക നഗർ. 24ആം വാർഡിലോ, ടൗൺ വാർഡിലോ പൊതുകളിസ്ഥലത്തിന് സ്ഥലം അക്വയർ ചെയ്യണമെന്നാണ് റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

വീർപ്പുമുട്ടിക്കാൻ മാലിന്യനിക്ഷേപം !

റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ മുക്കോലയ്ക്കൽ- തെക്കുംകര ഭാഗങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പലസ്ഥലങ്ങളും മാലിന്യ നിക്ഷേപത്തിനുള്ള കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. രാത്രികാലങ്ങളിൽ മാത്സാവശിഷ്ടവും ഹോട്ടൽ മാലിന്യവും വലിച്ചെറിയുന്നതും പതിവാണ്. കുടിവെള്ള ശ്രോതസുകളും വീട്ടുമുറ്റവും ചീഞ്ഞുനാറി. അസഹ്യമായ ദുർഗന്ധം സഹിച്ചാണ് ഇവിടുത്തുകാർ കഴിയുന്നത്. അടുത്തകാലത്തായി തെരുവുവിളക്കുകലും കത്താതായതോടെ മാലിന്യം നിക്ഷേപവും കൂടി. മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും ശാസ്ത്രീയമായ പദ്ധതി ആവിഷ്കരിക്കണമെന്ന അസോസിയേഷന്റെ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും മറന്ന മട്ടാണ്. ഒഴിഞ്ഞുകിടക്കുന്ന പല സ്ഥലങ്ങളും മാലിന്യം കൊണ്ട് നിറയുമ്പോൾ കുട്ടികൾക്ക് കലിസ്ഥലം എന്ന ആവശ്യം അധികൃതർ കേട്ടമട്ടില്ല.

അപകടവും പതിവ്

പഴകുറ്റി-മുക്കോലയ്ക്കൽ റിംഗ് റോഡ് കടന്നുപോകുന്നത് അസോസിയേഷൻ പരിധിയിലൂടെയാണ്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗത നിരന്തരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. അപായസാദ്ധ്യതയുള്ള ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്. മുക്കോലയ്ക്കൽ ജനവാസ മേഖലയെ സൗപർണിക ലൈൻ എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന പരാതി ശക്തമാണ്.