pinarayi-vijayan

തിരുവനന്തപുരം: നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാനും മാർച്ച് 15ന് മുമ്പ് ജില്ലകളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കാനും സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ, പ്രസിഡന്റ് കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

സമിതിയുടെ സംഘടനാ സംവിധാനം താലൂക്ക് തലം വരെ രൂപീകരിക്കാൻ തീരുമാനമായി. ഫെബ്രുവരി 15നു മുമ്പ് ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. നവോത്ഥാന സംരക്ഷണത്തിനായി നിലകൊള്ളുന്ന മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിക്കും. സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഒമ്പതംഗ എക്സിക്യൂട്ടീവ് രൂപീകരിക്കും.

വനിതാ മതിൽ വൻ വിജയമാക്കിയ സാമൂഹ്യ സംഘടനകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വർഗീയ മതിലെന്നും ജാതി വിഭാഗീയത ഉണ്ടാക്കുന്ന പരിപാടിയെന്നും ആക്ഷേപമുണ്ടായി. അതൊന്നും ഏശിയില്ല.നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ജനപുരോഗതിക്ക് ആവശ്യമാണ്. ജനങ്ങളിൽ ഭൂരിപക്ഷവും പാവപ്പെട്ടവരും അധഃസ്ഥിതരുമാണ്. സർക്കാർ അവർക്കൊപ്പമുണ്ടാകും. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണം. ഭീഷണികളെ വകവയ്ക്കേണ്ടതില്ല. ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.

മനവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വിശാലമായ ഐക്യവും സ്ഥിരം സംവിധാനവും വേണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൺവീനർ പുന്നല ശ്രീകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ആർ. ദേവദാസ്, സി.കെ. വിദ്യാസാഗർ, കെ. സോമപ്രസാദ്. എം.പി, ബി. രാഘവൻ, അഡ്വ. ശാന്തകുമാരി, പി. രാമഭദ്രൻ, കെ.കെ. സുരേഷ്, രാമചന്ദ്രൻ മുല്ലശ്ശേരി, കാച്ചാണി അജിത്, സീതാദേവി, ഇ.എസ്. ഷീബ, ലൈല ചന്ദ്രൻ, എൽ. അജിതകുമാരി, കെ. പീതാംബരൻ, ആർ. മുരളീധരൻ, വൈ. ലോറൻസ്, കെ.ആർ സുരേന്ദ്രൻ, പി.കെ. സജീവ്, എ.കെ. ലാലു, അമ്പലത്തറ ചന്ദ്രബാബു, രാംദാസ്, നെടുമം ജയകുമാർ, സി.പി. സുഗതൻ, ചെല്ലപ്പൻ രാജപുരം, എ.സി. ബിനുകുമാർ, ആർ. കലേഷ്, എഫ്. ജോയി, എ.കെ. സജീവ്, സി.കെ. രാഘവൻ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.