തിരുവനന്തപുരം: 'ഓപ്പറേഷൻ തണ്ടർ' മിന്നൽ പരിശോധന നടന്ന 54 പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാരുടെ ഭാഗത്തുണ്ടായ കൃത്യവിലോപം ചൂണ്ടിക്കാട്ടി, നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് വിജിലൻസ് ഇന്ന് സർക്കാരിന് സമർപ്പിക്കും. ഐ.ജി എച്ച്.വെങ്കടേശ് നേരിട്ട് റിപ്പോർട്ട് ശേഖരിച്ചു. കുഴപ്പക്കാരെ സസ്പെൻഡ് ചെയ്യാനടക്കം വിജിലൻസ് ശുപാർശ നൽകും. എല്ലാ എസ്.എച്ച്.ഒമാർക്കും ഡിവൈ.എസ്.പിമാർ മെമ്മോ നൽകി മറുപടി വാങ്ങിയിട്ടുണ്ട്. ഇത് പുനഃപരിശോധന നടത്തിയ റിപ്പോർട്ടിന്റെ ഭാഗമാക്കും. വിജിലൻസ് ശുപാർശ സർക്കാർ പൊലീസ് മേധാവിക്ക് കൈമാറും. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവികളാണ് നടപടിയെടുക്കേണ്ടത്.
എസ്.എച്ച്.ഒമാർ അറിയാതെ പല സ്റ്റേഷനുകളിലും പരാതികൾ മുക്കുന്നതായി കണ്ടെത്തി. ഇടനിലക്കാരെ വച്ച് ഒത്തുതീർപ്പാക്കാനാണ് ഇവ രജിസ്റ്ററിൽ ചേർക്കാത്തത്. കേസെടുക്കാതിരിക്കാൻ പണപ്പിരിവ് നടത്തും, എറണാകുളത്താണ് ഇത് അധികമുള്ളത്. പരാതി ഒതുക്കുന്നതിനെക്കുറിച്ച് വിശദാന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകും.