നെയ്യാറ്റിൻകര: അമേരിക്കയിലെ പനാമയിൽ നടക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിൽ പങ്കെടുക്കാനുളള ഭാഗ്യം ലഭിച്ചിരിക്കുകയാണ് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുഗിൻ ഇമ്മാനുവലിന്. ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ 155 രാജ്യങ്ങളിൽ നിന്നായി ഒന്നര ലക്ഷം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. നെയ്യാറ്റിൻകര രൂപതാ ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനും ഗായകനും കീബോർഡിസ്റ്റുമായ എവുഗിന്‍ ജീസസ് യൂത്തിന്റെ തന്നെ ബാൻഡായ വേക്സ് ക്രിസ്റ്റിയുടെ പ്രധാന ഗായകനെന്ന നിലയിലാണ് പനാമയിലെ ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് സംഗമത്തിൽ വോക്സ് ക്രിസ്റ്റി ഉൾപ്പെടെ 2 ബാൻഡുകൾ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഇന്ത്യൻ സമയം 10ഓടെ വോക്സ് ക്രിസ്റ്റിക്ക് പനാമയിലെ ഒമർ പാർക്കിൽ യുവജന സംഗമവേദിയിൽ അരമണിക്കൂർ അവസരം ലഭിച്ചു. തിരുവനന്തപുരം സംഗീത കോളേജിൽ എം.എ മ്യൂസിക് ആദ്യവർഷ വിദ്യാർഥിയാണ് 21 കാരനായ എവുഗിൻ. 20 ഓളം ക്രിസ്ത്യൻ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുളള എവുഗിന്റെ ജീവിതത്തിൽ പനാമയിൽ ലഭിച്ച അവസരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് ഈ യുവാവ്. ബാലരാമപുരം സ്വദേശികളായ എഡ്വിൻ മോറിസിന്റെയും ജാസ്മിന്‍ മേരിയുടെയും 4 മക്കളിൽ 2ാമനാണ് എവുഗിന്‍ ഇമ്മാനുവൽ. 22ന് ആരംഭിച്ച ആഗോള കത്തോലിക്ക യുവജനസംഗമം 27 പോപ്പ് ഫ്രാൻസിസ് അർപ്പിക്കുന്ന ദിവ്യബലിയോടെ സമാപിക്കും. പനാമ തീരത്തോടു ചേർന്ന 64 ഏക്കർ വിസൃതിയുളള സിന്റെ കോസ്റ്റെറ ബിച്ചാണ് യുവജന സംഗമത്തിന്റെ പ്രധാന വേദി.